Saturday, May 22, 2010

(..ഇല്ല..)

വാക്കുകള്‍-
പട്ടും പുടവയും
മുല്ലപൂവും ചന്ദനകുറിയും
വാളും പരിചയും
പല്ലക്കും പടയാളികളുമായി വന്നാല്‍ ,
നിങ്ങള്‍ സ്വീകരിക്കും.
മുണ്ട് മടക്കികുത്തി ,
തലേകെട്ടും ബീഡിയുമായി വന്നാല്‍
നെറ്റി ചുളിക്കും..!!
തെമ്മാടിയായ കവിതയെ നിങ്ങള്‍ നിഷേധിക്കും
വര്‍ണ്ണ കടലാസ്സില്‍ കൂടിയ മഷിയില-
ച്ചടിച്ച കവിത
നിങ്ങള്‍ വിലകൊടുത്തു വായിക്കും
തോറ്റു പോയവര്‍ നെഞ്ചു കീറിപൊളിച്ചു
കറപിറ കുറിച്ചാല്‍
നിങ്ങള്‍ തിരിഞ്ഞു നോക്കുമോ ??
എന്തായാലും ,
എനിക്ക് ഈ തോന്ന്യാക്ഷരങ്ങളെയുള്ളൂ
എന്‍റെ വൃത്തം ,
ചൊവ്വാദോഷമുള്ള സഹോദരിയുമായി ഒളിച്ചോടി പോയി
പ്രാസങ്ങളെല്ലാം
കടംകേറി മുടിഞ്ഞ അച്ഛന്‍റെ കൂടെ
കാശിക്കു പുറപ്പെട്ടുപോയി
അലങ്കാരങ്ങള്‍
ചുവരലമാരയില്‍ ഇന്നും ഭദ്രമാണ്
പഴയ പ്രതാപ കാലത്തിന്‍റെ
ദീപ്തസ്മരണകളുമായി
വാതിലില്‍ ജപ്തിനോട്ടീസും പതിഞ്ഞു കഴിഞ്ഞു
എനിക്ക് ബാക്കിയുള്ളത്
ഈ തോന്യാക്ഷരങ്ങള്‍ മാത്രമാണ്
കള്ള്കുടിച്ചും ബീഡിവലിച്ചും
ഊര്തെണ്ടി നടക്കുന്ന
അക്ഷരങ്ങളുടെ ഒരു തെമ്മാടികൂട്ടം
തലകെട്ടുകള്‍ എല്ലാം ചിതലരിച്ചുപോയി
കവിയുടെ പേര് ,
കാലപഴക്കത്തില്‍ മാഞ്ഞു പോയി
അന്ന് ,
പാഥേയം തരേണ്ടവര്‍
പരിവേദനം തന്നപ്പോള്‍,
മധുരം തരേണ്ടവര്‍
മുള്ളുകള്‍ തന്നപ്പോള്‍,
നിങ്ങള്‍ സ്വീകരിച്ചില്ലേ..?
പൊരുതില്ലേ???
അത് പോലെ എന്‍റെയീ
നഗ്നമായ കവിതയും..??


Tuesday, May 18, 2010

തിരിച്ച്..

വഴിയോരത്തൊരു വൃദ്ധന്‍ തണ്ണീര്‍പന്തലൊരുക്കി
കാത്തിരിപ്പുണ്ട്..
വരണ്ട തൊണ്ടയിലേക്ക് പ്രണയം പകരാന്‍.
ചാപിള്ളയെ പെറ്റുകൂട്ടിയ
ഒരു ഗര്‍ഭപാത്രം നിലവിളികുന്നുണ്ട്,
രക്ഷകനായ ഒരു പുത്രന് വേണ്ടി..
മണല്‍ പരപ്പിലെവിടെയോ ഒരു മഹാ വൃക്ഷം
തണല്‍ വിരിക്കുന്നുണ്ട്..
ആത്മാവ് നഷ്ടപെട്ട പഥികര്‍ക്കു വേണ്ടി..
അറിയപ്പെടാത്ത തെരുവോരത്തെവിടെയോ
ഒരു ഭ്രാന്തി മുടിയഴിചിട്ടലറുന്നുണ്ട് ..
അടുക്കളപ്പുറങ്ങളില്‍വിശപ്പാറുംമുന്‍പേ
ഇലമടക്കി എഴുന്നേല്‍ക്കുന്നുണ്ട് ഒരമ്മ..
വിഷംതീണ്ടി കറുത്ത്പോയ നഖക്ഷതം മായ്കാന്‍,
ഒരു കറുത്ത മൂടുപടമന്വേഷിക്കുന്നുണ്ട്-ലോകം..വ്രണങ്ങള്‍ തിണര്‍ത്ത ഒരു ഹൃദയം..
മുറിവേറ്റ കിളിയുപേക്ഷിച്ച ഒരു കൂട്..
വഴികണ്ണ് കഴച്ചു പോയ ഒരു നിരാശ..
പിറവി നിഷേധിക്കപെട്ട ഒരു കരച്ചില്‍..
അതിജീവനത്തിന്‍റെ ഒരു പിടച്ചില്‍..
വിഷം കഴിച്ച ഒരു മരണം..
എല്ലാം കാത്തിരിക്കുന്നത് എന്നെയാണ്..
മേല്‍കൂരയില്‍ നിന്നും രൂപം നഷ്ടപെട്ട
വികൃത ശിലകളായി താഴേക്ക്‌ പൊടിഞ്ഞു വീഴുന്നത്,
ഞാനാണ് ..
കൂരിരുട്ടിന്‍റെ പൊടിപച്ചകളില്‍ നിന്നും കഥകളുടെ നട്ടുച്ചയിലേക്ക്
അലറി കരഞ്ഞു പിറന്നു വീഴുന്നതും ഞാനാണ്..
കര്‍കിടരാത്രിയിലെ മുത്തശി രാമായണങ്ങളില്‍ നിന്നും
എഴുത്തിന്‍റെ സഹതാപശൂന്യതകളിലേക്ക്
വെളിച്ചപ്പെടുന്നതും ഞാന്‍ തന്നെ..
എല്ലാ ഇട്ടെറിഞ്ഞ് ..
പോയേ പറ്റു എനിക്ക്..


Wednesday, May 12, 2010

വാക്കുറങ്ങുന്നു..

ദൂരെ
ഒരു കഴുമരം കാത്തിരിപ്പുണ്ടായിരുന്നു
വരികള്‍ക് പിറകെ,
വഴി വിളിച്ചപോഴാണ്
നമ്മള്‍ ഇറങ്ങി നടന്നത്
കരഞ്ഞും വരഞ്ഞും
വായിച്ച് ,
വിയര്‍ത്തു വളഞ്ഞ വഴികളെല്ലാം
നാമൊരുമിച്ചു താണ്ടി
തേഞ്ഞു പോയ കാലടികളില്‍
പിന്നിട്ട വഴികളുടെ ചൂട്
കനല്‍കട്ടകളായി..
അപ്പോഴും , അറ്റത്ത് ഒരു
കുഞ്ഞു വാക്കുറങ്ങുന്നുണ്ടാവുമെന്നു
നമ്മള്‍ വിശ്വസിച്ചു ..
വഴി കണ്ണുമായി കാത്തിരുന്നത്
പ്രക്ഷോഭങ്ങളുടെ പ്രവാസം ..
നിഷ്പക്ഷതയെ തുലാസിലിട്ടു
വഴി നീളെ വ്യവസ്ഥിതികള്‍
വെല്ലുവിളിച്ചു ..
ലക്ഷ്യത്തിന്റെ ചരിത്രം മറന്നു
ഒടുവില്‍ നാം
മാര്‍ഗത്തോട്‌ യുദ്ധം പ്രഖ്യാപിച്ചു..
നമ്മള്‍ ഒരിക്കലും നല്ല എഴുത്തുകാരല്ല
അറിഞ്ഞതൊക്കെയും അറിയില്ലെന്നും ,
അറിയാതതൊക്കെയും അറിഞ്ഞെന്നും ,
നടിക്കുന്ന നമ്മള്‍,
നല്ല വായനക്കാര്‍ പോലുമല്ല!!
മനുഷ്യനെ അറിയാനായി പടിയിറങ്ങി പോയ
സഖാക്കള്‍ ,
വല്‍മീകം പൊളിച്ചു
ദൈവങ്ങളെയും കൊണ്ട് തിരിച്ചു വന്നപ്പോള്‍
നമ്മള്‍ നല്ല കാഴ്ചക്കാര്‍ മാത്രമായി ..
എനിക്കറിയാമായിരുന്നു-
ഒരു നാള്‍
നമ്മള്‍ വിചാരണ ചെയ്യപ്പെടുമെന്ന്
നമ്മള്‍ തടവുകാരവുമെന്നും ,
തൂക്കിലേറ്റപെടുമെന്നും ..
പക്ഷെ ,
അന്ന് വിപ്ലവം വരുമോ ???


തിരിച്ചുവരവുകള്‍ ..

പൊക്കിള്‍ കൊടിയറുത്തപ്പോള്‍
തലമുറകളുടെ ഈറ്റുപായില്‍ നിന്ന് ..
കാഞ്ഞിര കയ്പ്പ് നിറഞ്ഞ
വാത്സല്യത്തിന്റെ മുലപ്പാലില്‍ നിന്ന്..
പുറത്താക്കപെട്ട
സ്കൂള്‍ മുറ്റത്തെ ഏകാന്തതയില്‍ നിന്ന്..
ഉദ്യോഗ ചന്തയിലെ
മുഷിഞ്ഞ ബിരുദ കെട്ടുകളില്‍ നിന്ന്..
ഉമ്മറതിണ്ണയില്‍ അമ്മ കൊളുത്തിയ നിലവിളക്കില്‍ നിന്ന്..
നീ കൊതിപ്പിച്ച വാനോളം വലിയ സ്വാതന്ത്ര്യത്തില്‍ നിന്ന്..
എന്ത് കൊണ്ടാണ് എന്റെ
തിരിച്ചു വരവുകളെല്ലാം
ഇത്രയ്ക്ക് ഗംഭീരമാവുന്നത് ..???


ബുദധന്റെ ചിരി..!!

അവര്‍ എന്റെ ജനവാതിലുകള്‍ ബന്ധിച്ചു..
അവരെനിക്കു പുറം കാഴ്ചകള്‍ നിഷേധിച്ചു
എനിക്കൊരു മുനയൊടിഞ്ഞ പേനയും
പൊയ്കാലുകളുള്ള കസേരയും
മാത്രം തന്നു..
പക്ഷെ
 ഞാന്‍ ,
ഗാന്ധാരിയെ പോലെ
എല്ലാം കണ്ടു കൊണ്ടിരുന്നു..
ഏകലവ്യനെ പോലെ
എല്ലാം കേട്ടുകൊണ്ടിരുന്നു ..
കര്‍ണ്ണനെ പോലെ
എല്ലാം അറിഞ്ഞു കൊണ്ടിരുന്നു ..
ഘടോല്‍കചനെ പോലെ
യുദ്ധം ചെയ്തു കൊണ്ടിരുന്നു..
കാഴ്ചകളെ നിഷേധികാനാവാത്ത
നിസ്സഹായതയ്ക്ക്‌ മുന്നില്‍
ബലിയാടായത് ,
എന്റെ രാജ്യമാണ് ..
ഗാന്ധാരിയും ,ഏകലവ്യനും ,കര്‍ണ്ണനുമെല്ലാം
 തോറ്റവരുടെ പടനായകരായിരുന്നല്ലോ..
പതിവു പോലെ,
യുദ്ധത്തിനൊടുവില്‍ ഞാന്‍ മടങ്ങുന്നത് -
ഗയയിലേക്കാണ് ,
ആ ബോധിവൃക്ഷ തണലിലേക്ക്‌
തോല്‍കാതെ ഇന്നും ചിരിച്ചു കൊണ്ടവിടെ ഇരിക്കുന്നത് ,
അവന്‍ മാത്രമാണല്ലോ …!!


Monday, May 10, 2010

വില കുറഞ്ഞ വാക്കുകള്‍

വാകുക്കള്‍ കൂടി ചൊല്ലാന്‍ വയ്യാത്തവരെന്നു
നിങ്ങള്‍ തന്നെയല്ലേ അവരെ വിശേഷിപ്പിച്ചത്‌ ..??
പിന്നെന്തിനാണ് ഈ കവിതകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നത് ..??
മണ്ണ് തിന്നു വളരാന്‍ നിങ്ങളല്ലേ അവരെ
പട്ടിണി പഠിപ്പിച്ചത് ..?
എന്തിനാണ് പിന്നെയും ‘വാ മുറുക്കുണ്ണി..വാമുറുക്ക് ’എന്ന് പരിഭവിക്കുന്നത്..??
ചന്ദ്രനെ ചൂണ്ടി ചന്ദനകിണ്ണമെന്നു
കൊതിപ്പിച്ചതും നിങ്ങളല്ലേ??
പുതിയ സൂര്യോദയം എവിടെയെന്ന ചോദ്യത്തിന് മുമ്പില്‍
പതറി പോവുന്നതെന്തേ ..??
നിങ്ങള്‍ തന്നെയല്ലേ അവരെ രാമനാമം ചൊല്ലാന്‍ പഠിപ്പിച്ചത്..??
പിന്നെന്തിനാണ് തകര്‍ന്ന മിനാരങ്ങളും ,
കത്തി തീര്‍ന്ന തീ വണ്ടികളും കണ്ടു ഭയപ്പെടുന്നത് ??
നിങ്ങള്‍ക്ക് വിശപ്പടക്കാന്‍
ജീവിതമാണവര്‍ തീറ്റയായി എറിഞ്ഞു തന്നത് ..
മതിയായില്ലെങ്കില്‍ ജീവനും കൂടിയെടുത്തു കൊള്‍ക
രക്തവും മാംസവും പകുത്തു കൊള്‍ക..
എന്നിട്ടും,
ചാവ് കുന്നിന്റെ നെറുകില്‍ നിന്നും
അവര്‍ തിരിച്ചു വന്നില്ലെങ്കില്‍ ,
അറിയുക-
മണ്ണും ,വാക്കും ,പട്ടിണിയുമാണ്‌
അവരെ വളര്‍ത്തിയത്‌ ..
അവര്‍ക്ക് -
മരണം വെറും രണ്ടാം ജന്മമാണ് ...


Saturday, May 8, 2010

പ്രണയം...
വാക്കുകള്‍കുമപ്പുറതേക്ക്‌
നീ ഒഴുകി പരക്കുമ്പോഴൊന്നും
ഞാനറിഞ്ഞിരുന്നില്ല..
അതെനിക്ക് നിലയില്ലാതെ മുങ്ങി മരിക്കാനുള്ള ഒരു സമുദ്രമാകുമെന്ന്‍..


Friday, May 7, 2010

എല്ലാ തലമുറയിലെയും അചനമ്മമാര്‍ക്ക് ..

അമ്മയ്ക്ക്..
ഒരുപാടുണ്ട്..
അലക്ക് കല്ലിന്മേലെ വലിയ വിഴുപ്പു ഭാണ്ഡം ..
കിണറ്റിന്‍ കരയിലെ എച്ചില്‍പാത്രങ്ങള്‍..
വിരുന്നു മുറിയിലെ സ്ഥാന ഭ്രംശങ്ങള്‍..
മക്കളുടെ നിരാഹാര സമരങ്ങള്‍..
അച്ഛന്റെ മുന്‍ കോപം..
എല്ലാം അമ്മയ്ക്കുള്ളതാണ്..
അച്ഛന്..
പണ്ട്,
മൂക്കറ്റം കള്ളില്‍ മുങ്ങിയാലും
എന്റെ പരിപ്പുവടകള്‍  അരയിലെ നോട്ടീസു പൊതിയില്‍
ഭദ്രമായി അമര്‍ത്തി പിടിക്കുന്ന സ്നേഹത്തിന്...,
ഇന്ന്,
കൊക്ക്ടെയിലും നിശാവിരുന്നും കഴിഞ്ഞ്,
വീടിലേക്കുള്ള വഴി മറന്നു നില്‍കുന്ന അച്ഛന്റെ മുഖം പോലും
നഗരത്തിന്റെ വിഷപുക മറഞ്ഞതിനാല്‍
എനിക്കോര്‍തെടുക്കാന്‍ പറ്റുന്നില്ല...

തെറ്റ്

അത് വരെ എല്ലാം കറുപ്പായിരുന്നു..

കറുപ്പ് ഒരു നിറമാണെന്ന് പോലും അന്നറിവുണ്ടായിരുന്നില്ല ..
ഈറ്റുപായില്‍ നിന്നാണ് നിറങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്..
വാത്സല്യത്തിന്റെ വെള്ളയായും,
പ്രണയത്തിന്റെ നീലയായും..
മരണത്തിലേക്ക് പച്ചയായും..
ഞാനോടി തുടങ്ങി..
സ്വയം ഒറ്റുകാരിയാവുകയാണെന്നറിഞ്ഞു കൊണ്ട് തന്നെ..
അകവും പുറവും നീറ്റി പിറന്നു വീണ വരികള്‍ക്ക്
പേരില്ലാത്ത നിറങ്ങളായിരുന്നു ..
നഷ്ടപെട്ടതെല്ലാം വെള്ളയും,
നിഷേധിക്കപെട്ടത് നീലയും
വിധിക്കപെട്ടത് ആറാം വിരലിന്റെ പച്ചയുമായിരുന്നു..
ദുസ്വപ്നങ്ങളില്‍ ഭ്രാന്തു പടര്‍ന്നു കയറിയ
നട്ടുച്ച വയസ്സില്‍,കറുപ്പും വെളുപ്പും
വേര്‍തിരിച്ചു വായിക്കാന്‍ എന്നെ പഠിപ്പിച്ചത്
നിങ്ങളാണ്..!!
കാല്‍നഖത്താല്‍ വെട്ടി വിണ്ടു കീറിയ
ഭൂമിയിലേക്ക്‌ വന്നത് മുതല്‍,
ഇപ്പോഴും..
നീര്‍പോള പോലെ മിടിക്കുകയാണ്..
ഇനിയും തോറ്റുമടങ്ങാന്‍ മനസ്സില്ലാതെ..
അകം പുളഞ്ഞു പിറന്നു വീണത് ചാപിള്ളയാണെന്നതറിയാതെ..

Thursday, May 6, 2010

ക്ഷമിക്കുക ,ഇതൊരു പെണ്‍ കവിതയല്ല ..ഒരു പെണ്ണിന്റെ കവിതയാണ്

മണ്ണിന്റെ മണമാണ്..

മണ്ണിനെ പോലെ നിഗൂടമാണ് മനസ്സും..

എന്തൊകെയോ മായ്കാനും മറയ്കാനുമുണ്ട് ..

എവിടെയോകെയോ വാപൊത്തി നില്‍കാനും,

നാവടക്കാനുമുണ്ട്..

എത്ര വട്ടം സ്വയം പറഞ്ഞു പഠിപ്പിച്ചാലും,

വിരല്‍ തുമ്പ് വിറയ്കുമ്പോള്‍ പതറി പോവാനുണ്ട്..

രണ്ടു കൈയും നീട്ടി വാങ്ങിയ നുണകളെല്ലാം

മടിയില്‍ കുടഞ്ഞിട്ടു എണ്ണി നോക്കാനുണ്ട്..

പതിരുകള്‍ വേര്‍തിരിച്ചു പൊട്ടി കരയാനുണ്ട്..

കെട്ടു പിണഞ്ഞ വേരുകള്‍ക്കൊപ്പിച്ചു സ്വയം നട്ടു നനയ്കാനുണ്ട്..

നാളെയുടെ നട്ടുച്ച വെയില്‍ മുഴുവനും കൊള്ളാനുണ്ട് ..

കയറിനും കുപ്പികും കത്തിക്കുമിടയില്‍ പകച്ചു നില്കാനുണ്ട്..

ആര്‍ത്തലച്ചു പിറന്നു വീണ ഭൂമിക്കു പോലും ഒന്നും

കൊടുക്കാതെയും വാങ്ങാതെയുമിരിക്കണം..

വിരലുകള്‍ കോര്‍ത്ത്‌ രഥ ചക്രം കാക്കണം..

അന്ധതയെ സ്നേഹിക്കാന്‍ പഠികണം..

ഭര്‍ത്താവിനൊപ്പം വനവാസത്തിനു പോകണം..

തടവറയില്‍ വിശപ്പും പട്ടിണിയും കൊടുത്തു

മക്കളെ വളര്‍ത്തണം..

യാഗത്തിന് ഹവിസ്സാവണം..

അഗ്നി പരീക്ഷയെ അതിജീവിക്കണം..ഒടുവില്‍ ഭൂമി പിളരുമ്പോള്‍,

ജനന മരണങ്ങള്‍ പോലും ലോപിച്ച് പോവുമ്പോള്‍..തിരിച്ചു മണ്ണിലേക്ക്..

അതെ, മണ്ണിന്റെ മണം പോലും നിഗൂഡമാണ് .

അത് കൊണ്ടാണ് ഭൂമിയും പെണ്ണായത്..

ഇതൊരു പെണ്ണിന്റെ കവിതയായത്..

Wednesday, May 5, 2010

കഥയില്‍..

കഥയില്‍..
പറയപ്പെടാത്ത ഒരുപാട് കഥകളുണ്ട്..
ആരൊക്കെയോ വിഴുങ്ങിയത്..
നാട്ടറിവില്‍ ഒലിച്ചു പോയത്..
നാടുകൂടത്താല്‍ തൂക്കിലേറ്റപെട്ടത് ..
മിത്തുകളില്‍ മുങ്ങിപോയത് ..
അങ്ങനെയങ്ങനെ..
ചരിത്രത്തില്‍ ചിതലരിച്ചു പോയ
ഒരു പാട് കഥയില്ലായ്മകള്‍..

Monday, May 3, 2010

അജ്ഞത-- ലളിത ലെനിന്‍

എഴുതാളരുടെ വചനങ്ങളില്‍ മുങ്ങി കിടന്നപോള്‍ 
എഴുത്താണി മുനയില്‍ 
അക്ഷര വടിവില്‍ 
ചോര പൊടിയുന്നത്
എവിടെ നിന്നെന്നു 
ഞാനറിഞ്ഞിരുന്നില്ല   
അതുകൊണ്ട്,
അസ്ഥാനത്. ഒരു ഹൃദയവും 
സങ്കല്പിച്,
ആളൊപ്പം തലയുയര്‍ത്തി  നടന്നു..
നെഞ്ച് വേദനികുമ്പോള്‍  വയറു തടവിയും
വയറു വേദനിക്കുമ്പോള്‍ നെഞ്ച് തടവിയും
ശീലിക്കയാല്‍ 
ഹൃദയ വേദനയ്ക്
എന്ത് ചെയ്യണമെന്നു
എനിക്ക് അറിയുമായിരുന്നില്ല ....
മണ്ണില്‍ ഇഴയുന്നവരുടെ ഓളങ്ങള്‍ തേടുന്നതെന്ത്?
സ്വന്തം ഉടല്‍ വിട്ടു വേറെ ഒരഭയം.. അല്ലെ?
എന്റെ തൃഷ്ണയും അതാണ്..
വഴികളുടെ കാണാത്ത തുടര്‍ച്ചയിലൂടെ അര്‍ദ്ധരാത്രിയില്‍ നടന്നു പോകുന്നതാരാണ് ?
അടിത്തട്ടിലൂടെ രഹസ്യമായി മുന്നെരുന്നതാരാണ്??
ഈ പിള്ളേരുടെ പാട്ടിലെ കൊടുങ്കാറ്റാരാണ് ?
തീയാരാണ്?
എന്താണിവിടെ നടകുന്നത് ?
എന്താണ്?
എന്താണ്?