Friday, July 30, 2010

ഇരുനിറം

എഴുതി തീരും മുന്‍പ്
ചുവന്ന മഷി തീര്‍ന് പോയതിനാല്‍,
മറ്റൊരു നിറം കൊണ്ട്
പൂര്‍ത്തിയാക്കേണ്ടി വന്ന ഒരു കവിതയുണ്ട്.
അതിന്‍റെ വാലറ്റത്താണ്,
ആരൊക്കെയോ,
പകുതി കണ്ട ഒരു സ്വപ്നത്തിന്‍റെ
ഞാണ്‍ കൊരുത്തിട്ടത്.
മഷി വറ്റിപോയ വരിയില്‍, രണ്ടു നിറങ്ങളില്‍
ഒരു വാക്ക് വിറങ്ങലിച്ചു കിടന്നു.
അതിന്നു മീതെ, മുറിച്ചിട്ടും മുറിയാതെ
ഒരു രാജ്യത്തിന്‍റെ ഹൃദയം
മിടിച്ചു കൊണ്ടിരുന്നു.
എത്ര ശക്തിയായി കോറിവരച്ചാലും
കുടഞ്ഞാലും,നിറച്ചാലും
മഷി തെളിയാത്ത ഒരു പേനയാണ് ചരിത്രമെന്ന്
ഞാന്‍ മനസ്സിലാക്കിയ അന്നാണ്,
ആ സ്വപ്നത്തിന്‍റെ ബാക്കിയെനിക്ക് വെളിവായത്-
അതില്‍ ഞാന്‍ കണ്ടു :
''സ്വാതന്ത്ര്യം''
ഇരു നിറങ്ങള്‍ വികൃതമാകിയ ആ വാക്ക്..!!


വാലില്‍ കെട്ടിയിട്ട സ്വപ്നവുമായി,
എത്ര ശ്രമിച്ചിട്ടും പറന്നുയാരാനാവാതെ
ഒരു പാട് തുമ്പികള്‍
ചലനമറ്റ ഹൃദയത്തിനു മീതെ
തളര്‍ന്നു വീണു കൊണ്ടിരുന്നു..

Wednesday, July 28, 2010

ശിവം

അന്ന്
കൈലാസത്തിലും മഴ പെയ്തിട്ടുണ്ടാവണം
നീ എന്നിലേക്കിറങ്ങി വന്ന ദിവസം.
ഓര്‍ക്കുന്നില്ലേ ??
ബോധക്ഷയത്തിന്‍റെ കൊടുമുടികളില്‍ നിന്നും
ഉദ്ബോധനത്തിന്‍റെ ആഴങ്ങളിലെക്കെന്നെ തള്ളിയിട്ടത്..??


അന്ന്
എന്‍റെയാകാശത്തില്‍ ഒരു മേഘം,
ശൃംഗങ്ങളില്‍ ഒരു സൂര്യന്‍,
മണലിലൊരു തുള്ളി മഴ,
മനസ്സിലൊരു കുടം ഭ്രാന്ത്.


അന്ന്
നിനക്കായിരം കൈകളുടെ കരുത്ത്.
ആയിരം സൂര്യന്മാരുടെ തേജസ്സ്.
ആയിരം രാവണന്മാരുടെ ശൌര്യം.
മുഖത്തോരായിരം മരണത്തിന്‍റെ നിസ്സംഗത..


മുറിവുകള്‍ക്ക്‌ വേണ്ടി കാത്തിരുന്നവള്‍ക്ക്
ആയിരം ചുടുവ്രണങ്ങള്‍ നിന്‍റെ സമ്മാനം..


എന്നില്‍ നീ കൊരുത്തിട്ടത്,
എണ്ണിയാലൊടുങ്ങാത്ത പുലരികള്‍,
ഇത് വരെ
എണ്ണിനോക്കാന്‍ ഞാന്‍ ഇഷ്ടപെടാത്തത്രയും രാത്രികള്‍.
സ്പര്‍ശങ്ങള്‍ക്ക്
കൊടുംകാടിന്‍റെ മുരള്‍ച്ച
ചിലപ്പോള്‍, ഇളമാവിന്‍റെ മര്‍മരം.
നോട്ടത്തിന്
നിഴലിനെക്കാള്‍ മൂര്‍ച്ച
ചിലപ്പോള്‍, വിയര്‍പ്പിനെക്കാള്‍ വഴുക്ക്.
ചുംബനങ്ങള്‍ക്ക്
യാഗഗ്നിയുടെ ചൂട്
ചിലപ്പോള്‍, ഭസ്മത്തിന്‍റെ തണുപ്പ്.

ഇനി നിനക്കുള്ളത്--
നാഗപാശത്തിന് :
സ്വാതന്ത്ര്യത്തിനായുള്ള മുറവിളി.
ഡമരുഗത്തിന് :
മൌനത്തിന്‍റെ ഒരുള്‍തുടി.
ഒറ്റ ചിലമ്പിന് :
ഇണയെ തിരയാന്‍ രണ്ടു കണ്ണുകള്‍
പുലിതോലിന് :
പിന്നെയും പടം പൊഴിക്കാന്‍,
ഇത് വരെ ആരും അറിഞ്ഞിട്ടില്ലാത്ത ഒരു ഋതു..
മൂന്നാം കണ്ണിന് :
എന്നും തുറന്നിരിക്കാന്‍ ഒരു കറുത്ത ചുംബനം.
എന്നിലേക്ക്‌ തന്നെ പെയ്തുനിറയാന്‍,
ഒരു കുമ്പിള്‍ മഴക്കാലം.
കഴുത്തിലെ നീലിച്ച പ്രണയം വലിച്ചുറ്റിയെടുക്കാന്‍
രണ്ടു ചുണ്ടുകള്‍..
ജടയിലൊളിപ്പിക്കാന്‍
ഇനിയും ഒരു കോടി കണ്ണീര്‍ഗംഗകള്‍
ക്ഷിപ്ര കോപത്തിന്‍റെ താണ്ടവങ്ങള്‍ക്ക്‌-
ഹിമശൃംഗങ്ങള്‍ക്കിടയില്‍ തണുത്തുറഞ്ഞ
കിതപ്പുകള്‍ക്ക്-
ഒടുവില്‍ നമ്മളെ തന്നെയും..

Thursday, July 22, 2010

പ്രണയവിഷം

നിന്‍റെ പ്രണയം
എന്‍റെ വിരലുകള്‍ക്കിടയിലെ പുഴുക്കുത്താണ്..
അഴുക്കുകളെല്ലാം ഞെക്കിപിഴിഞ്ഞ്,
അതെന്നെ ശുദ്ധീകരിക്കുന്നു
നിന്‍റെ പ്രണയം
എന്‍റെ കണങ്കാലില്‍ തീണ്ടിയ നീലിച്ച വിഷപ്പാടാണ്..
നീറുന്ന വേദനയെങ്കിലും
അതൊരു പരാജിതന്‍റെ പ്രതിഷേധമാകയാല്‍
ഞാനും അതിനെ സ്നേഹിക്കുന്നു..

Tuesday, July 20, 2010

മീരസാധു..

മഥുരയിലെ കൃഷ്ണക്ഷേത്രങ്ങളില്‍ ,നാഥനില്ലാത്ത പശുക്കള്‍ മേഞ്ഞു നടക്കുന്ന വഴികളില്‍ ,മുഷിഞ്ഞു നാറുന്ന ഗലികളില്‍ ,എല്ലാം ഞാന്‍ മീരസാധുക്കളെ തേടിയലഞ്ഞു..തല പോയ ക്ഷേത്ര ഗോപുരങ്ങള്‍ കണ്ടു,വൃത്തി കെട്ട വൃന്ദാവന്‍ കണ്ടു. ഉറുമ്പരിക്കും പോലെ കുരങ്ങന്മാരെ കണ്ടു..പക്ഷെ മായിഗറിലെ ഭക്തമീരകള്‍ മാത്രം എന്നോട് കനിഞ്ഞില്ല.അവര്‍ എവിടെയോ ഒളിച്ചിരിക്കുകയായിരുന്നു..''രാധേ ശ്യാം'' എന്നലറി വിളിക്കുന്ന ജടാധാരികളും ചരിത്രം തുപ്പുന്ന ഗൈഡുകളും സുലഭം.പകയോടെ സഞാരികള്‍ക്ക് നേരെ ഭിക്ഷാപാത്രം നീട്ടുന്ന ഭക്തമീരകള്‍ മാത്രം??

''നമ്മുടെതല്ലാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണെന്നിരിക്കെ -എനിക്കാ കഥകള്‍  തന്നെയായിരുന്നു ജീവിതം..
കഥയിലെ മായിയെ കാണാന്‍,ജീവന്‍റെ മുഷിവു മണക്കുന്ന തെരുവുകളില്‍ വന്നതിന്,ഒടുവില്‍ ഞാന്‍ എന്നെ തന്നെ ശപിച്ചു..ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങളും,ചുക്കി ചുളിഞ്ഞ മുഖവും,പല്ലില്ലാത്ത മോണ നിറയുന്ന ചിരിയുമായി പകയോടെ,പ്രണയത്തോടെ,മഹാശയന്മാരെ തേടിയലയുന്ന..,കൃഷ്ണനെ തന്നെ തേടിയലയുന്ന ഭക്തമീരകള്‍ -എവിടെയാണവര്‍ ഒളിച്ചിരിക്കുന്നത്??
വളരെ ലാഖവത്തോടെ നീ ചുരുട്ടി പുകയൂതിയ എന്‍റെ പ്രണയത്തെ ഈ തൂക്കു പാത്രത്തിലെ ഭിക്ഷയായി തിരികെ വാങ്ങാന്‍ -തല മുണ്ഡനം ചെയ്ത്,പരുപരുത്ത കാവി ചുറ്റി ഈ ഊന്നുവടിയുമായി ഞാന്‍ വന്നിട്ടുണ്ട്..
എന്‍റെ പ്രണയം-
പൂതനയുടെ മാറില്‍ വിങ്ങിയ വിഷമാകട്ടെ,കാളിന്ധിയെ കറുപ്പിച്ച അമ്ല മാകട്ടെ, കാലപഴക്കതാല്‍ വിഷം തീണ്ടിയ പാലാകട്ടെ,
എനിക്ക് തിരിച്ചു തരിക..
ചുവന്ന തൂണുകള്‍ക്കിടയില്‍ ഇരുട്ടായി കാത്തു നില്‍ക്കുന്നവനെ..
ഭ്രാന്തമായ പ്രണയസങ്കല്‍പങ്ങളുള്ളവനെ ..
പ്രണയം കൊണ്ടെന്നെ കളങ്കിതയാക്കിയവനെ ..
ഇതാ പകയുടെ ,പ്രണയത്തിന്‍റെ ,നമ്മില്‍ നാംബെടുത്ത കള്ളസ്വപ്നങ്ങളുടെ ഭിക്ഷാപാത്രം..
എനിക്ക് തിരിച്ചു നല്‍ക്കുക..
നമ്മുടെതായതെല്ലാം -ഇനി;
ഞാനും ഒരു മീര സാധുവാണ്‌...!!!




*മീരസാധു: പ്രശസ്ത കഥാകാരി കെ.ആര്‍ മീരയുടെ ലഖുനോവല്‍ .

Monday, July 19, 2010

കവിതയ്ക്ക്..

ഉറക്ക ഭ്രാന്ദിനാല്‍ ചുളിഞ്ഞ കിടക്കയില്‍
ഉരുണ്ടുപിരണ്ടും
അറിവില്ലായ്മയുമായി ഇണചേര്‍ന്നു ക്ഷീണിച്ചുമാണല്ലോ
ഞാന്‍ നിനക്ക് ജന്മം നല്‍കിയത്
എന്‍റെ അഹന്തയൊരുക്കിയ മണിയറയിലാണ്
അഞ്ജതയെന്ന അമ്മ നിന്നെ നൊന്തു പെറ്റത്..



ഈ നശിച്ച കാലത്തെ തൃപ്തിപ്പെടുത്തുവാന്‍
ഇനി നീ മറന്നേക്കുക:

അമ്മയുടെ ഗര്‍ഭ പാത്രതിനകത്ത്
ഒളിച്ചു വെച്ച കുട്ടികാലം

വേര്‍പാടിന്‍റെ സൂചിമുനയ്ക്കപ്പുറം
തിരിച്ചു പിടിച്ച പ്രണയം

വരകള്‍ക്കും വരികള്‍ക്കുമിടയില്‍
ചരിത്രം നഷ്ടപ്പെട്ടു പോയ നിന്‍റെ രാഷ്ട്രവും രാഷ്ട്രീയവും..

എല്ലാം മറന്നേക്കുക..