Thursday, August 26, 2010

രാമനുണ്ണിയുടെ ''ഇല്ലാത്ത നിയമങ്ങള്‍ .''

ആനന്ദിന്‍റെ "ഉള്ള നിയമങ്ങള്‍ ഇല്ലാത്ത നിയമങ്ങള്‍ " എന്ന മാതൃഭുമി ലേഖനത്തോടുള്ള കെപി രാമാനുണ്ണിയുടെ പ്രതികരണം അക്ഷരാര്‍തത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതായി..
നിന്ദയും വിമര്‍ശനവും രണ്ടാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ പറയട്ടെ: ഏതെങ്കിലും മതത്തില്‍ വിശ്വസിക്കാനും അവിശ്വസിക്കാനും ഉള്ള അവകാശം ഭരണഖടന വിവക്ഷിക്കുന്നുണ്ട്.
ജനകീയ ജനാതിപത്യ പോരാട്ടങ്ങളുടെ ഒരു മുഖ്യ വെല്ലുവിളി മതഫാസിസ്റ്റു ഭീകരതയെ തിരിച്ചറിയാത്ത ഒരു അറിവ്കെട്ട ജനസമൂഹമാണ്.
അതുപോലെ തന്നെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന -ക്രൂരമായ നിസ്സംഗത പുലര്‍ത്തുന്ന ഒരു അരാഷ്ട്രീയ ജനവിഭാഗവും.
അവര്‍ക്കാണ്, ശ്രീ രാമനുണ്ണി ലേഖനത്തില്‍ പരാമര്‍ശിച്ച ജര്‍മന്‍ ചിന്താശകലം ഉപകാരപ്പെടുക..
രാമനെയും മുഹമ്മദിനെയും കൃസ്തുവിനെയും ഉപയോഗിച്ച വോട്ടു നേടിയെടുക്കുന്ന ഫാസിസത്തിനെതിരെയായിരിക്കണം നമ്മള്‍ ശബ്ധിക്കേണ്ടത്.
അത് മതത്തോടും മത വികാരങ്ങളോടുമുള്ള അസഹിഷ്ണുതയായി
വ്യാഖ്യാനിക്കപ്പെടുന്നത്, മേല്‍പറഞ്ഞ അറിവില്ലായ്മ കൊണ്ടാവാനേ തരമുള്ളൂ..
ഒരുദാഹരണം എടുക്കാം:
r.s.s ന്‍റെ വേദഗ്രന്ഥമായ വിചാരധാരയില്‍ ഇങ്ങനെ പറയുന്നു:
"നമ്മുടേത് ഹിന്ദു ദേശീയതയാണ്.മറുവിഭാഗങ്ങള്‍ക്ക് ചെയ്യാവുന്നത്-ഒന്നുകില്‍ ഹിന്ദുദേശിയതയുടെ മേല്‍ക്കോയ്മ അംഖീകരിച്ച് അതിന്‍റെ ഭാഗമാവുക.അല്ലെങ്കില്‍ ഈ രാജ്യം വിടുക."
ഇത്തരം ദുര്‍വ്യാഖ്യാനങ്ങളോടാണ് ആനന്ദ് അസഹിഷ്ണുത പുലര്‍തിയതെന്നു രാമനുണ്ണി കുറ്റപ്പെടുത്തുന്നതെങ്കില്‍,ഞാന്‍ തീര്‍ച്ചയായും ആനന്ദിന്‍റെ കൂടെയാണ്..
ശ്രീ.രാമനുണ്ണി സൂചിപ്പിച്ച ഉദാത്തമായ അവസ്ഥ കേരളത്തില്‍ ഒരുത്തനും ഒരു കാലത്തും ഉണ്ടാവില്ല എന്ന പൂര്‍ണ ബോധ്യത്തോടെ ആയിരിക്കണം അദ്ദേഹം ആനന്ദ് കൊളുത്തിയ തീ ഊതിപെരുപ്പിക്കുന്നത്..മസ്തിഷ്കാ വയവത്തിന്‍റെ പ്രവര്‍ത്തനക്ഷമത എല്ലാവരും സ്വയം പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!!

Tuesday, August 24, 2010

നിറഞ്ഞു പെയ്യുന്ന മഴയില്‍ കൈകോര്‍ത്ത്‌ നടക്കാന്‍ കല്പാത്തി പുഴയോരത്തെ അഗ്രഹാരതെരുവുകളില്‍ നിന്നും ഈ ഉപ്പുകലര്‍ന്ന മണല്‍തരികളിലേക്ക് ഒരുപാടുണ്ട് ദൂരം..
ഇവിടെ എനിക്ക് പ്രിയപ്പെട്ടവര്‍ ഉറങ്ങുന്നുണ്ട്..

ഒറ്റ തൂവലുകള്‍ മാത്രം പൊഴിച്ചിടുന്ന ഒരു രാക്ഷസപക്ഷി, വെറും പെണ്ണിന്റെതായ എല്ലാ വന്യതകളും അതിസാധാരണമായ ഒരു ശരീരത്തിനുള്ളില്‍ ഒളിച്ചു വെച്ചവള്‍..
ഉറക്കമുണരാന്‍ വിനാഴികകള്‍ ബാക്കി നില്‍ക്കെ, അവളെന്‍റെ സ്വപ്നത്തിന്‍റെ അവസാന തുണ്ടും കൊത്തിയെടുത്തു ജനലഴികള്‍ക്കിടയിലൂടെ പറന്നകന്നു ..
തൊണ്ടയില്‍,രാത്രിയുടെതെന്നവകാശപ്പെടാവുന്ന ഒരുള്‍ഭയം മാത്രം കല്ലിച്ചു പൊങ്ങി കിടന്നു .
കൂട്ടിയാല്‍ കൂടാത്ത,മടിച്ചു മടിച്ചു ,ഞാന്‍ പാലിച്ചു പോരുന്ന പന്ത്രണ്ടു മണികൂറുകള്‍ ഒരുപാട് കെട്ടുപിണഞ്ഞു തുടങ്ങിയിരിക്കുന്നു..
വിരല്‍തുമ്പുകള്‍ തമ്മിലറിഞ്ഞപ്പോഴേക്കും ഏറെ പൊങ്ങിയ  അരമതിലുകള്‍..കോട്ടകള്‍ കണക്കെ തലയുയര്‍ത്തി നിന്ന പയ്യാമ്പലത്തെ മണല്‍ തരികള്‍,മഴയില്‍ വരണ്ടു..
ഇനി സന്ധ്യ-
അകാരണമായി ചുവന്ന സന്ധ്യ.
കുത്തിയൊലിക്കുന്ന മഴകാലവും പിന്നിട്ടു ,ഒരുപാട് വെളുത്ത വരകള്‍ക്കപ്പുറം,കടല്‍ കടന്നു വന്ന നാവികര്‍ തറകല്ലിട്ട നീലിച്ച ചുവരുകളുള്ള ആരാധനാദേവാലയം..അമ്മമാരുടെ കാത്തിരിപ്പുകളില്‍ നിന്നും അറിയാതെ അപ്രത്യക്ഷരായ ജവാന്മാരുടെ പടപാളയങ്ങള്‍..
പ്രതിരോധത്തിന്‍റെ കോട്ടകൊത്തളങ്ങള്‍,മണ്ണിലുറങ്ങുന്നവര്‍ക്ക് സ്നേഹത്തിന്‍റെ ഉപ്പുകാറ്റ്.. നഗരഭ്രാന്തില്‍ ശ്വാസം മുട്ടിമരിക്കുന്ന അന്ഗ്ലോ ഇന്ത്യന്‍ തെരുവുകള്‍..
എല്ലാറ്റിനുമൊടുവില്‍  മഴ പെയ്തു തോര്‍ന്ന പയ്യാമ്പലത്തെ ഉപ്പു തരികള്‍..
എന്‍റെ സ്വപ്നത്തില്‍ നിന്നും വേര്‍പ്പെട്ടു പോയ ചീളുകള്‍ ഇവിടെയായിരികണം ആ രാക്ഷസപക്ഷി ഉപേക്ഷിച്ചത്..ഞാനവ പരതിനോക്കുകയാണ്..


Sunday, August 22, 2010

തിരിച്ചേറ്റം

കരിപിടിച്ച മണ്ണെണ്ണ വെട്ടത്തിലേക്ക്
എഴുപതുകളെന്ന പോലെ
ഈയാംപാറ്റകളുടെ യൗവനം പാഞ്ഞടുതപ്പോഴാണ്
പേനയില്‍ നിറച്ച ഏകാന്തതയ്ക്ക് പകരംവെയ്ക്കാന്‍
പുതിയ വസ്തുക്കളെന്തെന്നു ഞാന്‍ ചിന്തിച്ചു തുടങ്ങിയത്..

കാലഹരണപ്പെട്ടതെന്ന് നിങ്ങള്‍ പറഞ്ഞ
പ്രത്യയങ്ങള്‍ നിറച്ചു നോക്കി-
ഒഴിഞ്ഞ കൊറ്റുകിണ്ണങ്ങളും
നിറഞ്ഞ മടിശീലകളും
വെവ്വേറെ തെളിഞ്ഞു വരഞ്ഞു.

അശാന്തനായ രക്തസാക്ഷിയുടെ
ഇന്നും തിളയ്ക്കുന്ന ചോര നിറച്ചപ്പോള്‍
തെരുവിലെ ഒറ്റുപാത്രങ്ങളില്‍
വഞ്ചനയുടെ കയ്പ്പുദ്രവം കവിഞ്ഞു.

നിന്‍റെ കണ്ണുകള്‍ക്ക്‌ ചുറ്റും പടര്‍ന്ന
കറുപ്പെടുത്തു നിറച്ചു-
തെരുവ് വേശ്യയുടെ മുഷിഞ്ഞ തുണികെട്ടുകളിലേക്ക്
എന്‍റെ അക്ഷരങ്ങളോടികയറി..

തോക്കിന്‍കുഴലിനറ്റത്ത് ജീവിതം
പൂക്കുമെന്നു വിശ്വസിച്ച
ഒരു കറുത്തവന്‍റെ വിശപ്പും
ദാഹവും പിഴിഞ്ഞൂറ്റി നിറച്ചു നോക്കി-
ഭരണ യന്ത്രത്തിന്‍റെ ആണിചക്രങ്ങളില്‍
കൈവിരല്‍ കോര്‍ത്ത ഒരു ഞരക്കം മാത്രം
കടലാസ്സിലൂര്‍ന്നു വീണു..

ചൂഴ്ന്നെടുക്കപ്പെട്ട രണ്ടു കണ്ണുകള്‍ക്ക്‌ താഴെ
മിന്നല്‍ പോലെ ഒരു ചിരി പടര്‍ന്നത്,
തിരുനെല്ലിയിലെ എള്ളും പൂവും കുതിര്‍ന്ന ജലം
പേനയില്‍ നിറചപ്പോഴാണ്.

ഒടുവില്‍-
കഴുത്തിനേറ്റ ഒരു വെട്ടും,
അറുത്തുമാറ്റപ്പെട്ട ഒരു കൈയ്യും,
വിനാഴികകളുടെ മൂഡസ്വര്‍ഗത്തിലെന്നെ
ശ്വാസം മുട്ടിച്ചു കൊല്ലാന്‍ തുടങ്ങിയപ്പോള്‍
മനം മടുത്ത് ഞാനെഴുന്നേറ്റു.

അന്ന്-
ഞാനെന്‍റെ പ്രിയപ്പെട്ട
മഷിപേനയുടെ മുനയൊടിച്ചു കളഞ്ഞു!!!