Tuesday, August 24, 2010

നിറഞ്ഞു പെയ്യുന്ന മഴയില്‍ കൈകോര്‍ത്ത്‌ നടക്കാന്‍ കല്പാത്തി പുഴയോരത്തെ അഗ്രഹാരതെരുവുകളില്‍ നിന്നും ഈ ഉപ്പുകലര്‍ന്ന മണല്‍തരികളിലേക്ക് ഒരുപാടുണ്ട് ദൂരം..
ഇവിടെ എനിക്ക് പ്രിയപ്പെട്ടവര്‍ ഉറങ്ങുന്നുണ്ട്..

ഒറ്റ തൂവലുകള്‍ മാത്രം പൊഴിച്ചിടുന്ന ഒരു രാക്ഷസപക്ഷി, വെറും പെണ്ണിന്റെതായ എല്ലാ വന്യതകളും അതിസാധാരണമായ ഒരു ശരീരത്തിനുള്ളില്‍ ഒളിച്ചു വെച്ചവള്‍..
ഉറക്കമുണരാന്‍ വിനാഴികകള്‍ ബാക്കി നില്‍ക്കെ, അവളെന്‍റെ സ്വപ്നത്തിന്‍റെ അവസാന തുണ്ടും കൊത്തിയെടുത്തു ജനലഴികള്‍ക്കിടയിലൂടെ പറന്നകന്നു ..
തൊണ്ടയില്‍,രാത്രിയുടെതെന്നവകാശപ്പെടാവുന്ന ഒരുള്‍ഭയം മാത്രം കല്ലിച്ചു പൊങ്ങി കിടന്നു .
കൂട്ടിയാല്‍ കൂടാത്ത,മടിച്ചു മടിച്ചു ,ഞാന്‍ പാലിച്ചു പോരുന്ന പന്ത്രണ്ടു മണികൂറുകള്‍ ഒരുപാട് കെട്ടുപിണഞ്ഞു തുടങ്ങിയിരിക്കുന്നു..
വിരല്‍തുമ്പുകള്‍ തമ്മിലറിഞ്ഞപ്പോഴേക്കും ഏറെ പൊങ്ങിയ  അരമതിലുകള്‍..കോട്ടകള്‍ കണക്കെ തലയുയര്‍ത്തി നിന്ന പയ്യാമ്പലത്തെ മണല്‍ തരികള്‍,മഴയില്‍ വരണ്ടു..
ഇനി സന്ധ്യ-
അകാരണമായി ചുവന്ന സന്ധ്യ.
കുത്തിയൊലിക്കുന്ന മഴകാലവും പിന്നിട്ടു ,ഒരുപാട് വെളുത്ത വരകള്‍ക്കപ്പുറം,കടല്‍ കടന്നു വന്ന നാവികര്‍ തറകല്ലിട്ട നീലിച്ച ചുവരുകളുള്ള ആരാധനാദേവാലയം..അമ്മമാരുടെ കാത്തിരിപ്പുകളില്‍ നിന്നും അറിയാതെ അപ്രത്യക്ഷരായ ജവാന്മാരുടെ പടപാളയങ്ങള്‍..
പ്രതിരോധത്തിന്‍റെ കോട്ടകൊത്തളങ്ങള്‍,മണ്ണിലുറങ്ങുന്നവര്‍ക്ക് സ്നേഹത്തിന്‍റെ ഉപ്പുകാറ്റ്.. നഗരഭ്രാന്തില്‍ ശ്വാസം മുട്ടിമരിക്കുന്ന അന്ഗ്ലോ ഇന്ത്യന്‍ തെരുവുകള്‍..
എല്ലാറ്റിനുമൊടുവില്‍  മഴ പെയ്തു തോര്‍ന്ന പയ്യാമ്പലത്തെ ഉപ്പു തരികള്‍..
എന്‍റെ സ്വപ്നത്തില്‍ നിന്നും വേര്‍പ്പെട്ടു പോയ ചീളുകള്‍ ഇവിടെയായിരികണം ആ രാക്ഷസപക്ഷി ഉപേക്ഷിച്ചത്..ഞാനവ പരതിനോക്കുകയാണ്..


No comments:

Post a Comment