Tuesday, February 12, 2013



" യാ മൌലാ..
നിന്‍റെ  നാമത്തിലാണ് 
ഞാന്‍ ഓരോ ഇഴയും നൂല്ക്കുന്നത് 
ഇതിലേത് ഇഴയാണ് നിനക്ക് സ്വീകാര്യമാവുക 
എന്ന് എനിയ്ക്കറിയില്ലല്ലോ.."

നെയ്തു കൂട്ടുന്ന ഓരോ ഇഴയിലും അവര്‍ പ്രാര്‍ത്ഥനകള്‍ ഒളിച്ചു വെയ്ക്കുന്നു ..
ഓരോ ഗലികളിലും വൃദ്ധനായ ആ  സൂഫി ഗായകന്‍റെ  കാല്പാദങ്ങള്‍ ഇഴയുന്നു..


കിലാ കോട്ടിയില്‍ നിന്നും തിരികെ മടങ്ങുന്ന വഴികള്‍ക്കിടയില്‍ , നിശബ്ദരായ പാറ കൂട്ടത്തിനിടയില്‍ സമര്‍ത്ഥമായി ആരോ ഒളിച്ചു വെച്ചിരിക്കുന്നു -  ജാഗേശ്വരി ദേവിയുടെ ക്ഷേത്രം.
വെട്ടിയൊതുക്കിയ കാല്‍ വരിയിലൂടെ,  കുളപടവുകളുടെ ആഴമേറിയ ദാഹങ്ങളിലേക്ക് - അമ്പലമണിമുഴക്കങ്ങളിലേക്ക്- അവളുടെ അതീന്ദ്രീയമായ ലാവണ്യത്തിലേക്ക്-  മറവിയുടെ പുകകുഴലുകള്‍ പോലെ പുറം തൊലിയെ തൊട്ടു വിളിക്കുന്ന അഗര്‍ബതി  മണങ്ങള്‍ എന്നെ ഉറക്കി കിടത്തി-

 തീര്‍ച്ചയായും ഞാന്‍ മുന്‍പിവിടെ വന്നിട്ടുണ്ട്-
ഒന്നുകില്‍ 
ഓര്‍മ്മകളില്ലതൊരു കാലത്തിന്‍റെ  ചുളിവുകളിലെപ്പോഴോ അച്ഛന്‍റെ  കൈവിരലില്‍ തൂങ്ങി-
അല്ലെങ്കില്‍
മഞ്ഞ നിറമുള്ള ഒരു പുസ്തകത്തിന്‍റെ  അവസാനത്തെ താളും ഇടത്തോട്ട് മറിച്ചു കൊണ്ട് പ്രിയ കഥാകാരന്‍റെ  മടിയിലേക്ക്‌ കണ്ണുകളടയ്ക്കുന്ന  നിമിഷത്തിന്‍റെ അപൂര്‍വതകളിലെപ്പോഴോ..
അതുമല്ലെങ്കില്‍-
ഒരുറക്കത്തിന്‍റെ  ആഴങ്ങളിലേക്ക് നഷ്ടപ്പെട്ട് പോവും മുന്‍പ് ഞാന്‍ കണ്ട നിറവും ഗന്ധവുമുള്ള   സ്വപ്നത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരു സന്ദര്‍ഭമായിരിക്കണമത്.
ഇവിടെ, ഈ പാറ കെട്ടുകള്‍ക്കിടയിലോ, കല്‍പടവുകള്‍ക്കറ്റത്തോ, ആല്‍മരങ്ങളില്‍ ഉറക്കം തൂങ്ങുന്ന വാവലുകളുടെ ചിറകിനടിയിലോ ഞാന്‍ മറന്നു വെച്ചിടുണ്ട് -
എനിക്ക് പ്രിയപെട്ടതെന്തോ ..
ഇപ്പോഴും എനിക്കത് തിരിച്ചെടുക്കനാവും , ഒരു പോറല്‍ പോലുമേല്‍ക്കാതെ ..


ഇവിടെയുമുണ്ട് വാകകള്‍ -
പൂക്കാന്‍ മടിച്ചു നില്കുന്നത് പോലെ..
ഈ പ്രണയ നഗരത്തിന്, 
ഇനിയൊരു വാകപൂവിന്‍റെ ചുവപ്പ് പോലും ആവശ്യമില്ലെന്ന് തോന്നും ..



ഈ വന്യസൗന്ദര്യം ഭ്രാന്തവും കാല്പനികവുമാവുന്ന നഗരരാത്രികളില്‍ ഞാനേറ്റവും  കൂടുതല്‍ അറിഞ്ഞത് നിന്നെയാണ് - ലക്ഷ്മണ്‍  മന്ദിറിന്‍റെ മടിയില്‍ രാവും പകലുമില്ലാതെ  ഉറക്കം നടിക്കുന്ന പരമേശ്വര്‍ തടാകം.
നിന്‍റെ  കല്പടവുകളില്‍ ഇരുന്നാണ് ആ രാത്രയില്‍ ഞാനെന്നെ  അറിഞ്ഞത്..
ആകാശം മുഴുവനും നക്ഷത്രങ്ങള്‍ക്കായി മാറ്റിവെച്ച രണ്ടു രാത്രികള്‍
നിന്‍റെ  പായല്‍ വഴുക്കുന്ന കല്‍പടവുകള്‍ക്കും, നിന്നില്‍ മുഖം നോക്കുന്ന നക്ഷത്രങ്ങള്‍ക്കും, നിന്നിലേക്ക്‌ വീണുറങ്ങാന്‍ കണ്ണുചിമ്മുന്ന വഴിവിളക്കുകള്‍ക്കുമറിയാം..
എന്നെയും നിന്നെയും, - നിനക്കും എനിക്കും അറിയുന്നതിനേക്കാള്‍ കൂടുതല്‍...... .

                               

ഇന്നും എന്‍റെ  പ്രഭാതങ്ങള്‍ കണ്‍തുറക്കുന്നത് അന്തര്‍ ഷെഹറിലെ നെയ്ത്തു പുരകളുടെ സംഗീതത്തിലെക്കാണ്..
പകല്‍ സമയങ്ങളില്‍, ഞാന്‍ നടക്കുന്നത്‌, ചന്ദനത്തിരി മണക്കുന്ന  നിന്‍റെ ഗലികളിലൂടെയാണ്..
പേരറിയാത്തൊരു വൃദ്ധ ഗായകനെ പിന്‍തുടര്‍ന്ന് , വൈകുന്നേരങ്ങളില്‍ കുന്നിറങ്ങിയെത്തുന്നത്  ജാഗേശ്വരിയുടെ മണി മുഴക്കങ്ങളിലെക്കാണ് ..


"സര്‍വതിനെയും അളന്നു തിട്ടപ്പെടുത്തുന്ന ലോകത്തു നിന്ന് 
അഹം ഭാവവും വെറുപ്പും കടന്നു ചെല്ലാത്ത ഒരിടത്തേയ്ക്ക്
ആത്മാവിനെ മോചിപ്പിയ്ക്കുവാന്‍ .."

ഞാനിപ്പോഴും നിന്നില്‍ നിന്നും തിരിച്ചു പോരാന്‍ മടിക്കുന്നു.