Thursday, November 4, 2010

പഴയ പുരുഷാര്‍ത്ഥങ്ങള്‍

എണ്ണമറ്റ ചില്ലു കഷണങ്ങളായി ചിതറി തെറിക്കാന്‍
നിന്റെയൊരു ചെറിയ ചിലിയനക്കം.
ഉച്വാസ വായു നിലച്ച ഗുഹാമുഖത്ത്‌ 
സ്വപ്നങ്ങള്‍ക്കൊരു കറുത്ത ജീവപര്യന്തം.
മറവിക്ക് എന്നുമോര്‍മിക്കാന്‍
സുഖകരമായൊരു കുരിശു മരണം.
മുറിവേറ്റവള്‍ക്ക് ചിരിച്ചു കൊണ്ടോടികയറാന്‍
സുന്ദരമായൊരു കഴുമരം.
ചതുരാകാശങ്ങളില്‍ നിന്നും
കടല്‍ ഭിത്തികള്‍ക്കിടയിലേക്ക്
ഉടല്‍ കറുത്ത കാമനകളുടെ
ജയില്‍ ചാട്ടം.
ബലി പീഡത്തിലെ കറുത്ത വീഞ്ഞില്‍ നിന്നും
രൂപകൂട്ടിലെ ഏകാന്തതയിലെക്കെന്ന പോലെ
കൈ വിരലുകള്‍ക്കിടയിലെ ഇത്തിരി സ്നേഹത്തിലേക്ക്‌
സ്വതമന്വേഷിച്ചൊരു പലായനം.
കണ്‍തടങ്ങളിലവശേഷിച്ച രാത്രിയില്‍ നിന്നും
പ്രണയത്തിന്റെ നിസ്സീമതയിലേക്കൊരു
പരകായപ്രവേശം.
സമയം-
ഭൂതകാല മുഖത്തെഴുത്തില്‍  നിന്നും
അവസാന അടയാളവും വര്‍ത്തമാനവെറുപ്പിനാല്‍
തുടചെടുത്തിരിക്കുന്നു.
മരണ തുരുത്തില്‍
ഒറ്റയടിയളവിനാല്‍
ശിരോലിഖിതങ്ങള്‍ മാറ്റി വരയ്ക്കാന്‍
ഒരേകാകി തുഴഞ്ഞടുക്കുമെന്നോര്‍ത്ത് 
വിഡിയായ മനുഷ്യന്‍ ഇന്നും നോയമ്പ് നോല്‍ക്കുന്നു.
ഈ തീരങ്ങള്‍ -
കറുത്ത രണ്ടു മുറിവുകളാണ്.
ഒരു നോട്ടം
ഒരു സ്പര്‍ശം
ഒരിറ്റു സ്നേഹം
മതി
കടല്‍ ക്ഷോഭം  രക്ത ചൊരിചിലുകളായി 
അവസാനമില്ലാത്ത ഉള്‍ച്ചുഴികളിലൂടെ
മുറിവുകളുടെ മേഘമല്‍ഹാര്‍ തീര്‍ക്കാന്‍.
പിന്നെ-
മാംസമഴുകിയ ചങ്ങലകൊളുത്തുകളില്‍ നിന്നും
സ്വാതന്ത്ര്യഗീതികളുടെ ഒരു ഘോഷയാത്ര..
  

2 comments:

  1. ശിരോലിഖിതങ്ങള്‍ മാറ്റി വരയ്ക്കാന്‍
    ഒരേകാകി തുഴഞ്ഞടുക്കുമെന്നോര്‍ത്ത്
    വിഡിയായ മനുഷ്യന്‍ ഇന്നും നോയമ്പ് നോല്‍ക്കുന്നു.

    .അര്‍ത്ഥ ഗര്‍ഭമായ വരികള്‍ .....

    ReplyDelete
  2. ബലി പീഡത്തിലെ കറുത്ത വീഞ്ഞില്‍ നിന്നും
    സ്വാതന്ത്ര്യഗീതികളുടെ ഒരു ഘോഷയാത്ര

    ReplyDelete