Thursday, December 30, 2010

ഹരാകിരി

എന്നെന്നേക്കുമെന്ന് ഒരിക്കലുപേക്ഷിച്ച   
വഴിയിലൂടെ, ഞാന്‍ വീണ്ടും നടക്കും
മുള്ള് മുറ്റിയ ഉടലാകെ
വാക്കിന്റെ വജ്രമുന പിടഞ്ഞു വിയര്‍ക്കും.
മറവിയുടെ വേനല്‍ , ഞരമ്പുകളില്‍ 
നിരാസത്തിന്റെ ഭാഷ കോറി വരയ്ക്കും.
മുനകൂര്‍ത്ത വാക്കുകളോരോന്നും
നമ്മുടെതെന്ന് പറയാവുന്ന ശിഷ്ടത്തെ 
നിര്‍ദ്ധാക്ഷിണ്യം കുരിശിലേറ്റും.
ചോരയിറ്റുന്ന ഒരു മോതിര വിരല്‍ മാത്രം 
ചിരിച്ചു കൊണ്ട് ,നിനക്ക് വഴികാട്ടും.


അറിയില്ല നിനക്ക്,
നീ ഊതി കാച്ചിയ ഇരുമ്പഴികളുടെ 
കനത്തില്‍ നിന്നാണ്
എന്‍റെ സ്വാതന്ത്രത്തിനു ചിറകുമുളച്ചത്
വേരുകള്‍ക്ക് പ്രണയിക്കാന്‍ ആറടി മണ്ണും , 
കണ്‍നിറയെ ഒരു ചതുരാകാശവും
എന്‍റെ അവകാശങ്ങളാണ്.


ഈ ഉപവാസം അവസാനിക്കില്ല
കൈത്തണ്ടയില്‍ കോറിയിടാന്‍
പ്രണയമല്ലാത്തൊരു  ഭാഷ,
തുരുമ്പടരാത്തൊരു കത്തിമുന,
അന്നനാളം കവിയുന്ന നിദ്രൌഷധം,
പ്രാണഞരമ്പ്‌ പിടയാനൊരു ചരട്,
അമിതവേഗത്തിലൊരു തീവണ്ടി..
ആരെങ്കിലും എന്നോടിത്തിരി കരുണകാണിക്കുവോളം,
എന്‍റെ പതനം അവസാനിക്കില്ല..

Saturday, December 25, 2010

നിദ്രാശാന്തിയുടെ കടല്‍ തുരങ്കം തകര്‍ത്ത്
നിര്‍ദ്ധാക്ഷിണ്യം എന്നിലേക്ക്‌ പാഞ്ഞുപുളയുന്ന
പുകവണ്ടിയുടെ ആക്രോശങ്ങള്‍ .
ഞെട്ടിയുണര്‍ത്തികൊണ്ടേയിരിക്കുന്ന
അനാഥഭ്രൂണത്തിന്റെ കരച്ചില്‍ .
ഇരുട്ടില്‍ , അസ്വസ്ഥ മായ കഴുകോലിനു താഴെ
മുറിഞ്ഞ തൊണ്ടയിലേക്ക്
അമ്മ പകര്‍ന്ന കഷായ കയ്പ്പിന് ,
ചുവന്ന പട്ടു കൊണ്ട് വാ മൂടിയ
അച്ഛനെന്ന അനാഥത്വം തരിക്കുമ്പോള്‍ ,
പനികിടക്കയിലെ സ്വപ്നങ്ങളിലൊക്കെയും
സപ്തവര്‍ണങ്ങളിലൊഴുകുന്ന നിള നിറഞ്ഞു കവിയുന്നു .
അരയാള്‍ പൊക്കത്തില്‍
ആത്മഹത്യ പരാജയപെട്ടവന്റെ നിലവിളികള്‍ക്ക്‌
വാക്കാവാത്ത സങ്കടകടലിന്റെ
ഭ്രമിപ്പിക്കുന്ന ആഴം ചുവയ്ക്കുന്നു .
മനസ്സില്‍ ഒരു താക്കോല്‍ പഴുതിന്റെ
തണുത്ത തുരുമ്പ് മാത്രം ശേഷിക്കെ,
ചോര കിനിയാത്ത മുറിവുകളെ ലക്ഷ്യമാക്കി
കാലം തൊടുത്ത ആഗ്നേയങ്ങള്‍
അടയാളങ്ങളടര്‍ന്ന
രക്തസാക്ഷിക്കല്ലിനു ചുവട്ടില്‍
ആത്മശാന്തി തിരയുമ്പോള്‍
അകാരണമായി അസ്വസ്ഥരാവുന്നുണ്ട്-
ഓരോ നാട്ടിലും,,
എത്രയോ അമ്മമാര്‍ .


എന്നോട് ക്ഷമിക്കുക-
വര്‍ത്തമാനത്തിനു കുറുകെ
ആത്മബലമുരുക്കിയ പാലമുറയ്ക്കാന്‍
നിരന്തരമായി തോറ്റുകൊടുത്തവര്‍ക്ക്
തണ്ടെല്ലോടിഞ്ഞ കവിതയുടെ
വൈധവ്യം മാത്രം
ഞാന്‍ കാഴ്ചവെയ്ക്കുന്നു..