Sunday, November 6, 2011



ജോണ്‍ -
മിന്നല്‍പിണരിന്‍റെ ഒറ്റഞരമ്പിലൂടെ
മനസ്സ് മുറിക്കുന്ന രാത്രിമഴ.
ഭ്രാന്തിന്‍റെ വേദസാരങ്ങളില്‍ ,
നീ
ഉയിര്‍പ്പിന്‍റെ മൂന്നാം പകല്‍.
സംശയങ്ങളേതും ബാക്കിവയ്ക്കാത്ത
സഹനവല്‍മീകം-
വിഷലിപ്തമായ നിന്‍റെയേകാന്തത

അമ്മമാര്‍-
അവരുറങ്ങികൊള്ളട്ടെ,
ഒരു തുള്ളി വീഞ്ഞിനും
ഒരു രാത്രിസഭയ്ക്കും വേണ്ടി
നമുക്കീ വേദപുസ്തകം പണയം വെയ്ക്കാം.
രക്തസാക്ഷികള്‍ക്കിനിയൊരു
ദൂതനില്ല-

ഇതാ
എന്‍റെ പഴയ കയറ്റുകട്ടിലില്‍
അക്ഷരമാലാക്രമം തെറ്റിച്ച്‌
ഒരാത്മാവ് കൂടി ചേക്കേറുന്നു.
പനിപിടിച്ച ദര്‍ബാറില്‍ നിന്നും
മുറിവേറ്റ ഒരു പക്ഷി കൂടി ഭൂമി തേടുന്നു.
വിളക്കുമരത്തിന്‍റെ കണ്ണ് കുത്തി പൊട്ടിക്കാന്‍
മുറിബീഡിയുടെ ചൂട്ടു വെളിച്ചം തേടിയവന്‍  
നീയെനിക്ക് പ്രിയപ്പെട്ടവന്‍
ജോണ്‍ -
നിനക്ക് ശേഷവും, ഉയിര്‍പ്പിന്‍റെ-
ഈ ഗുഹാമുഖം തുറക്കാന്‍
ആരുമെത്തിയില്ല.
ഇന്നോളം-
വാഴ്വിന്‍റെ ഒരു വേനലിലും
ഈ താഴ്വര പൂത്തിട്ടില്ല

7 comments:

  1. ജോണിനെപ്പോലെ ജീവിക്കുക എന്നുള്ളതിന്റെ അസാദ്ധ്യതയിലാണ് മലയാളികള്‍ ജോണിനെ ഇഷ്ടപ്പെടുന്നത് എന്ന് തോന്നിയിട്ടുണ്ട്.. ജോണിന്റെ വര്‍ക്കുകള്‍ അഗ്രഹാരത്തില്‍ കഴുതൈ ഒഴികെ നല്ല വര്‍ക്കുകളായി തോന്നിയിട്ടില്ല. പക്ഷേ ആ ജീവിതത്തിന് മുന്നില്‍ എത്ര നമിച്ചാലും മതിയാകില്ല..

    ReplyDelete
    Replies
    1. ShajiKumar P V
      ജോണിനെപ്പോലെ ജീവിക്കുക എന്നുള്ളതിന്റെ അസാദ്ധ്യതയിലാണ് മലയാളികള്‍ ജോണിനെ ഇഷ്ടപ്പെടുന്നത് എന്ന് തോന്നിയിട്ടുണ്ട്..

      സത്യമായിരിക്കണം എന്ന് ഞാനും പറയുന്നു!:))

      Delete
  2. ..ഞാന്‍ ജനിക്കുന്നതിനും മുന്‍പേ
    നിഗൂഡമായൊരു ജീവിതവും
    അതിലേറെ ദുരൂഹമായൊരു
    മരണവും കാട്ടി കൊതിപ്പിച്ചു പോയ മനുഷ്യനോട്..
    അമ്മ അറിയാന്‍ എന്ന മാജിക്കിനോട്,
    ചെന്നായക്ക് വേണ്ടി ഇന്‍ക്വിലാബ് വിളിക്കാന്‍ ധൈര്യം കാണിച്ച ചങ്കൂറ്റത്തോട്..
    മലയാളം കണ്ട ഏറ്റവും വലിയ റിബലിനോട്
    തോന്നിയ ഭ്രാന്താണിത്..

    ReplyDelete
  3. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകള്‍ മാത്രമാണ്.

    നന്നായി.

    ReplyDelete
  4. കവിതകളിലൂടെ ഒന്ന് ഓടിച്ച് പോയി..നന്നായിട്ടുണ്ട്..ആശംസകള്‍

    ReplyDelete
  5. ജോണ്‍ ഒരു വേനലിന്റെ വേദനയായിരുന്നു...ഒരു പക്ഷെ നീ...ഇല്ലേല്‍ ഞാന്‍....അതുമല്ലേല്‍ മറ്റാരോ... പക്ഷെ വേനലിന്റെ വെധനയെന്നു നിശ്ചയം....! ഉം...നന്നായി ഡാ..വാക്കുകള്‍ മാത്രം..

    ReplyDelete
  6. അറിയില്ല നിനക്ക്-
    കൈത്തണ്ട മുറിഞൊഴുകിയ
    ദുഷിച്ച രക്തകണങ്ങള്‍ക്കപ്പുറം
    ഒരര്‍ത്ഥശൂന്യതയുടെ ദൂരം മാത്രമേയുള്ളൂ
    നിന്‍റെ ശരിക്കും
    എന്‍റെ തെറ്റിനുമിടയില്‍ .

    ReplyDelete