Saturday, June 26, 2010

ഗുരുദക്ഷിണ





എന്നെ മറവു ചെയ്ത ആറടി മണ്ണിലാണ്
നിന്‍റെ വേരുകള്‍ പടര്‍ന്നു കയറിയത്
തണുത്ത ഹൃദയത്തിലേക്ക് ആഴ്നിറങ്ങി,
നിറഞ്ഞ വളകൂറില്‍ നിന്നും ,
പതിവ് പോലെ,
നീ ആര്‍ദ്രമായതെല്ലാം വലിചൂറ്റിയെടുത്തു.
ആയിരം കൈകള്‍ കൊണ്ട് പുണരുമ്പോഴും
നിറഞ്ഞ കള്ളചിരിയിലൂടെ
ചതിയുടെ ഒന്നാം പാഠം നീയെന്നെ പഠിപ്പിച്ചു..


അറിഞ്ഞതും പറഞ്ഞതും
എഴുതി കൂട്ടിയതുമെല്ലാം
അപ്പാടെ മായ്ച്ചു കളയാന്‍ ,
ഒരു മഷിതണ്ടിനെ ഇത്തിള്‍കണ്ണിയായി 
ഉടലിലേക്ക് പടര്‍ത്തി അതിജീവനത്തിന്‍റെ
രണ്ടാം ഭാഗവും നീയെനിക്ക് മന:പാഠമാക്കി..


മൂന്നാം പാഠം -
അതാണ്‌ നീയെനിക്കാദ്യം പഠിപ്പിച്ചു തന്നത്
അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക്,
അച്ഛന്‍റെ നെഞ്ചിലേക്ക്..
അനുജത്തിയുടെ കണ്ണിലേക്ക്,
ഗുരുവിന്‍റെ വായിലേക്ക്,
കാമുകിയുടെ ഹൃദയത്തിലേക്ക്,
കണ്ണുകള്‍ പൂട്ടി ഒളിയംബെയ്യാന്‍ ,
എന്‍റെ അഞ്ചാംവിരല്‍
ഗുരുദക്ഷിണയായി നീ ചോദിക്കാതിരുന്നത്..
പ്രണയം മുഴുവന്‍ വാര്‍ന്നു പോയി
ചുവപ്പ് നഷ്ടപ്പെട്ട അഞ്ജാമിതള്‍ മാത്രം
എന്‍റെ ശവ കല്ലറയ്ക്കുമേല്‍ പൊഴിചിടുമ്പോള്‍ ,
ഇനി-

ഏതു ഫലിത പുസ്തകമാണ്
ഞാന്‍ നിനക്ക് മുന്നില്‍ തുറന്നു വെയ്ക്കേണ്ടത് ..??

Tuesday, June 22, 2010

ആരറിയുന്നു ??കൂട്ടം തെറ്റിയവന്റെ നിശബ്ദ നിലവിളി..
എതിര്‍ ധ്രുവങ്ങളില്‍ ജീവിത ദര്‍ശനം കാത്തു സൂക്ഷിച്ചവരുടെ കൂട്ടത്തില്‍, വാകിലും നോക്കിലും ,നടപ്പിലും ഇനി മാറി നില്‍ക്കേണ്ടിയിരികുന്നു..
കേള്‍ക്കാത്തത് മാത്രം പറയുകയും അറിയാത്തത് മാത്രം എഴുതുകയും ചെയ്യേണ്ടിയിരിക്കുന്നു..
അനിവാര്യമായ ഈ നഗ്നതയുടെ സ്വാതന്ത്ര്യത്തില്‍ ഒരു വീഞ്ഞ് ചഷകം നിറഞ്ഞു കവിഞ്ഞോഴുകുന്നത് പോലെ ഞാനീ കാല്പനികതയിലേക്ക് അലിഞ്ഞു ചേരുന്നു .തിരിചെടുക്കാനാവാത്ത വിധം ഈ നീല രാവിന്നു മീതെ ഞാന്‍ അലിഞ്ഞില്ലാതാവുന്നു..പ്രിയ നഗരമേ -ഈ രാത്രി ഞാന്‍ നിന്‍റെതാണ്.. നിന്‍റെ പാതയോരങ്ങളിലെ പാറാവ്‌കാരായ നിയോണ്‍ വെളിച്ചങ്ങള്‍ക്ക്..കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ഭിക്ഷകാര്‍ക്ക്‌..ചതുരംഗ പലക പോലെ തിളങ്ങുന്ന മേല്‍കൂരകള്‍ക്ക്..കണ്‍തടം കറുത്ത് പോയ വേശ്യകള്‍ക്ക്..നിന്‍റെ ആകാശങ്ങളിലെ സ്വര്‍ണ്ണമേഘങ്ങള്‍ തൊട്ടിലാട്ടുന്ന ഹൌറയ്യ്ക്ക്..സോനാകച്ചിലെ തണുത്ത തെരുവോരങ്ങള്‍ക്ക്..,ഇന്ന് ഹൂഗ്ലിയില്‍ ഒഴുകിയഴുകിയ ശവ ശരീരങ്ങള്‍ക്ക്..ഞാനെന്നെ കാഴ്ച വെയ്ക്കുന്നു..ഒറ്റയാവുമ്പോള്‍ വീണ്ടും ഞാനീ നഗരത്തിന്‍റെ കണ്ണാടിയാവുന്നു..ഞാനീ നരക രാവിന്‍റെ കാമമാവുന്നു..ഞാനീ നഗര ഭ്രാന്തിനു കാവലാവുന്നു...നീ ഒരിക്കലും ഒഴിയാത്ത ഒരു വീഞ്ഞുചഷകമായിരുന്നെങ്കില്‍..

Sunday, June 20, 2010

ദേശാടനം

കണ്ണില്‍ നിറഞ്ഞ തിമിരവും പേറിയെന്‍
ദേശാടനം കഴിഞ്ഞെത്തുന്ന നേരം;
കാറ്റിന്‍റെ, കടലിന്‍റെ, യിളമാറിലൂടെയെന്‍
തുറമുഖത്തണയും നിരാശതന്‍ നൗകകള്‍
അറിയുന്നുവോ നീ, വിളക്കുമാടത്തിന്‍റെ
തിരിയില്‍ നിന്നകലുമെന്‍ നിനവറ്റ ചിറകുകള്‍..
കണ്ണടച്ചാലുമകത്തു കടക്കുവാന്‍
വാതില്‍പുറം കാത്തു നില്‍കുന്ന സൂര്യനും,
വിണ്ണിറങ്ങും നിലാവിനെയാര്‍ദ്രമാം
ചന്ദനമെന്നു കൊതിപ്പിച്ച രാത്രിയും
വക്ക് പൊട്ടിയ നോവിന്‍ പകലുകള്‍,
പെയ്തുതോരാത്ത വാസന്തരാത്രികള്‍ ,
വിഷം തീണ്ടിയ സന്ധ്യകള്‍..
പച്ചകത്തിയ നേരിലയറ്റങ്ങള്‍
ഉപ്പുവറ്റി ശോഷിച്ച ശിഖരവും
അഗ്നി കെട്ടുപിടയുന്നു വാകകള്‍..
പകലുറങ്ങും കിനാവെയില്‍ പാടങ്ങള്‍.
നീറുന്ന ഭ്രാന്തിന്‍റെയല്ലലോളം
പൊഴിഞൊറ്റ നൂലിലാടുന്നു ജീവിതം..
ഇല്ല, ഇടമൊട്ടുമില്ലെനിക്കീ ഭൂമിയിലെന്നെ
കൊന്നു തള്ളുവാന്‍ സ്വയം..
തുള്ളിയലചാര്‍ത്തും അട്ടഹസിച്ചും, ഇനി
പെയ്തു തോരാം നിന്‍ മിഴികള്‍ക്കു മീതെ ഞാന്‍ ..
പണ്ട് തൂങ്ങിയ കൈവിരല്‍തുമ്പിലും
ഇന്നലത്തെ കൊടിതണല്‍ മുറ്റത്തും
വഴിയറിയാതെ പറക്കാന്‍ പഠിപ്പിച്ച
നോവിന്‍റെയൂറ്റമുള്ളക്ഷരകൂട്ടിലും
ഇഴമുറിയാതെ കരയാന്‍ പഠിപ്പിച്ച
തീ പൊള്ളൂമറിവിന്‍റെ വരികള്‍ക്കിടയിലും
വാക്കു പൂക്കും മരുപ്പച്ചകള്‍ക്കുമീ
തോറ്റ പിന്മുറ പാട്ടുകാര്‍ക്കും മീതെ...
പെയ്തു തോരമെന്‍ മനസ്സിന്നും മീതെ ഞാന്‍..

ഇതിവൃത്തങ്ങള്‍ ..

ചെവിടി കുന്നിലും കള്ളികാട്ടിലും പുഴയോരത്തും രക്തസാക്ഷിയുടെ ചുവന്ന കറ മായാതെ കിടന്നു..ചാറ്റുമഴയുടെ ലാളിത്യത്തോടെ വാക്ക് ഈ കറകളിലേക്ക് വീണു..വാക്കിനു ചുറ്റും ആരാധന മന്ദിരങ്ങള്‍ പൊന്തി വന്നു..കെട്ടുപണിയുടെ ധാരാളിത്തതിനകത്തെക്ക് പ്രവചനത്തിന്‍റെ മഴത്തുള്ളികള്‍ വരണ്ടു..പിന്നെ മന്ദിരങ്ങള്‍ക്ക് ചുറ്റും നഗരങ്ങള്‍ വളര്‍ന്നു..അപ്പോള്‍ പ്രവാചകന്‍ മറ്റെങ്ങോ വഴി തേടി..പ്രവാചകന്‍ കണ്ണുയര്‍ത്തി മരുഭൂമിയുടെ ആകാശത്തേക്ക് നോക്കി..സാന്ത്വനതിന്റെ ഉടമ്പടിയായി,അടയാളമായി അവിടെ ഒരു ചന്ദ്രക്കല ദിക്കുകള്‍ നിറഞ്ഞു നിന്നു..

Friday, June 11, 2010

പന്ത്രണ്ടാമത്തെ കൈ..

ആശയങ്ങളോട് സമരസപ്പെടാന്‍ കഴിയാതെ കനത്തു പോയ
ഒരു കല്‍വിഗ്രഹത്തിന്‍റെ നെറുകയില്‍ ദൈവം കടിച്ചു തുപ്പിയത്:

1.വിലക്കപെട്ട കനിയുടെ ചവര്‍പ്പ്..


2.പുരോഹിത പരിണാമ ഗതിയിലെ അവസാനശ്വാസത്തിന്‍റെ പകുതി


3.''ഞാന്‍ ആരെ ചുംബിക്കുന്നുവോ അവന്‍ തന്നെ'' - എന്ന ഒറ്റുവാക്യം














പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍ തന്നെ ചെയ്യാതെ അത് ദൈവത്തിന്‍റെ ക്രോധത്തിന് വിട്ടേക്കുക
                                                     -ബൈബിള്‍