ആരറിയുന്നു ??കൂട്ടം തെറ്റിയവന്റെ നിശബ്ദ നിലവിളി..
എതിര്‍ ധ്രുവങ്ങളില്‍ ജീവിത ദര്‍ശനം കാത്തു സൂക്ഷിച്ചവരുടെ കൂട്ടത്തില്‍, വാകിലും നോക്കിലും ,നടപ്പിലും ഇനി മാറി നില്‍ക്കേണ്ടിയിരികുന്നു..
കേള്‍ക്കാത്തത് മാത്രം പറയുകയും അറിയാത്തത് മാത്രം എഴുതുകയും ചെയ്യേണ്ടിയിരിക്കുന്നു..
അനിവാര്യമായ ഈ നഗ്നതയുടെ സ്വാതന്ത്ര്യത്തില്‍ ഒരു വീഞ്ഞ് ചഷകം നിറഞ്ഞു കവിഞ്ഞോഴുകുന്നത് പോലെ ഞാനീ കാല്പനികതയിലേക്ക് അലിഞ്ഞു ചേരുന്നു .തിരിചെടുക്കാനാവാത്ത വിധം ഈ നീല രാവിന്നു മീതെ ഞാന്‍ അലിഞ്ഞില്ലാതാവുന്നു..പ്രിയ നഗരമേ -ഈ രാത്രി ഞാന്‍ നിന്‍റെതാണ്.. നിന്‍റെ പാതയോരങ്ങളിലെ പാറാവ്‌കാരായ നിയോണ്‍ വെളിച്ചങ്ങള്‍ക്ക്..കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ഭിക്ഷകാര്‍ക്ക്..ചതുരംഗ പലക പോലെ തിളങ്ങുന്ന മേല്‍കൂരകള്‍ക്ക്..കണ്‍തടം കറുത്ത് പോയ വേശ്യകള്‍ക്ക്..നിന്‍റെ ആകാശങ്ങളിലെ സ്വര്‍ണ്ണമേഘങ്ങള്‍ തൊട്ടിലാട്ടുന്ന ഹൌറയ്യ്ക്ക്..സോനാകച്ചിലെ തണുത്ത തെരുവോരങ്ങള്‍ക്ക്..,ഇന്ന് ഹൂഗ്ലിയില്‍ ഒഴുകിയഴുകിയ ശവ ശരീരങ്ങള്‍ക്ക്..ഞാനെന്നെ കാഴ്ച വെയ്ക്കുന്നു..ഒറ്റയാവുമ്പോള്‍ വീണ്ടും ഞാനീ നഗരത്തിന്‍റെ കണ്ണാടിയാവുന്നു..ഞാനീ നരക രാവിന്‍റെ കാമമാവുന്നു..ഞാനീ നഗര ഭ്രാന്തിനു കാവലാവുന്നു...നീ ഒരിക്കലും ഒഴിയാത്ത ഒരു വീഞ്ഞുചഷകമായിരുന്നെങ്കില്‍..
No comments:
Post a Comment