Sunday, June 20, 2010

ദേശാടനം

കണ്ണില്‍ നിറഞ്ഞ തിമിരവും പേറിയെന്‍
ദേശാടനം കഴിഞ്ഞെത്തുന്ന നേരം;
കാറ്റിന്‍റെ, കടലിന്‍റെ, യിളമാറിലൂടെയെന്‍
തുറമുഖത്തണയും നിരാശതന്‍ നൗകകള്‍
അറിയുന്നുവോ നീ, വിളക്കുമാടത്തിന്‍റെ
തിരിയില്‍ നിന്നകലുമെന്‍ നിനവറ്റ ചിറകുകള്‍..
കണ്ണടച്ചാലുമകത്തു കടക്കുവാന്‍
വാതില്‍പുറം കാത്തു നില്‍കുന്ന സൂര്യനും,
വിണ്ണിറങ്ങും നിലാവിനെയാര്‍ദ്രമാം
ചന്ദനമെന്നു കൊതിപ്പിച്ച രാത്രിയും
വക്ക് പൊട്ടിയ നോവിന്‍ പകലുകള്‍,
പെയ്തുതോരാത്ത വാസന്തരാത്രികള്‍ ,
വിഷം തീണ്ടിയ സന്ധ്യകള്‍..
പച്ചകത്തിയ നേരിലയറ്റങ്ങള്‍
ഉപ്പുവറ്റി ശോഷിച്ച ശിഖരവും
അഗ്നി കെട്ടുപിടയുന്നു വാകകള്‍..
പകലുറങ്ങും കിനാവെയില്‍ പാടങ്ങള്‍.
നീറുന്ന ഭ്രാന്തിന്‍റെയല്ലലോളം
പൊഴിഞൊറ്റ നൂലിലാടുന്നു ജീവിതം..
ഇല്ല, ഇടമൊട്ടുമില്ലെനിക്കീ ഭൂമിയിലെന്നെ
കൊന്നു തള്ളുവാന്‍ സ്വയം..
തുള്ളിയലചാര്‍ത്തും അട്ടഹസിച്ചും, ഇനി
പെയ്തു തോരാം നിന്‍ മിഴികള്‍ക്കു മീതെ ഞാന്‍ ..
പണ്ട് തൂങ്ങിയ കൈവിരല്‍തുമ്പിലും
ഇന്നലത്തെ കൊടിതണല്‍ മുറ്റത്തും
വഴിയറിയാതെ പറക്കാന്‍ പഠിപ്പിച്ച
നോവിന്‍റെയൂറ്റമുള്ളക്ഷരകൂട്ടിലും
ഇഴമുറിയാതെ കരയാന്‍ പഠിപ്പിച്ച
തീ പൊള്ളൂമറിവിന്‍റെ വരികള്‍ക്കിടയിലും
വാക്കു പൂക്കും മരുപ്പച്ചകള്‍ക്കുമീ
തോറ്റ പിന്മുറ പാട്ടുകാര്‍ക്കും മീതെ...
പെയ്തു തോരമെന്‍ മനസ്സിന്നും മീതെ ഞാന്‍..

1 comment: