Wednesday, July 28, 2010

ശിവം

അന്ന്
കൈലാസത്തിലും മഴ പെയ്തിട്ടുണ്ടാവണം
നീ എന്നിലേക്കിറങ്ങി വന്ന ദിവസം.
ഓര്‍ക്കുന്നില്ലേ ??
ബോധക്ഷയത്തിന്‍റെ കൊടുമുടികളില്‍ നിന്നും
ഉദ്ബോധനത്തിന്‍റെ ആഴങ്ങളിലെക്കെന്നെ തള്ളിയിട്ടത്..??


അന്ന്
എന്‍റെയാകാശത്തില്‍ ഒരു മേഘം,
ശൃംഗങ്ങളില്‍ ഒരു സൂര്യന്‍,
മണലിലൊരു തുള്ളി മഴ,
മനസ്സിലൊരു കുടം ഭ്രാന്ത്.


അന്ന്
നിനക്കായിരം കൈകളുടെ കരുത്ത്.
ആയിരം സൂര്യന്മാരുടെ തേജസ്സ്.
ആയിരം രാവണന്മാരുടെ ശൌര്യം.
മുഖത്തോരായിരം മരണത്തിന്‍റെ നിസ്സംഗത..


മുറിവുകള്‍ക്ക്‌ വേണ്ടി കാത്തിരുന്നവള്‍ക്ക്
ആയിരം ചുടുവ്രണങ്ങള്‍ നിന്‍റെ സമ്മാനം..


എന്നില്‍ നീ കൊരുത്തിട്ടത്,
എണ്ണിയാലൊടുങ്ങാത്ത പുലരികള്‍,
ഇത് വരെ
എണ്ണിനോക്കാന്‍ ഞാന്‍ ഇഷ്ടപെടാത്തത്രയും രാത്രികള്‍.
സ്പര്‍ശങ്ങള്‍ക്ക്
കൊടുംകാടിന്‍റെ മുരള്‍ച്ച
ചിലപ്പോള്‍, ഇളമാവിന്‍റെ മര്‍മരം.
നോട്ടത്തിന്
നിഴലിനെക്കാള്‍ മൂര്‍ച്ച
ചിലപ്പോള്‍, വിയര്‍പ്പിനെക്കാള്‍ വഴുക്ക്.
ചുംബനങ്ങള്‍ക്ക്
യാഗഗ്നിയുടെ ചൂട്
ചിലപ്പോള്‍, ഭസ്മത്തിന്‍റെ തണുപ്പ്.

ഇനി നിനക്കുള്ളത്--
നാഗപാശത്തിന് :
സ്വാതന്ത്ര്യത്തിനായുള്ള മുറവിളി.
ഡമരുഗത്തിന് :
മൌനത്തിന്‍റെ ഒരുള്‍തുടി.
ഒറ്റ ചിലമ്പിന് :
ഇണയെ തിരയാന്‍ രണ്ടു കണ്ണുകള്‍
പുലിതോലിന് :
പിന്നെയും പടം പൊഴിക്കാന്‍,
ഇത് വരെ ആരും അറിഞ്ഞിട്ടില്ലാത്ത ഒരു ഋതു..
മൂന്നാം കണ്ണിന് :
എന്നും തുറന്നിരിക്കാന്‍ ഒരു കറുത്ത ചുംബനം.
എന്നിലേക്ക്‌ തന്നെ പെയ്തുനിറയാന്‍,
ഒരു കുമ്പിള്‍ മഴക്കാലം.
കഴുത്തിലെ നീലിച്ച പ്രണയം വലിച്ചുറ്റിയെടുക്കാന്‍
രണ്ടു ചുണ്ടുകള്‍..
ജടയിലൊളിപ്പിക്കാന്‍
ഇനിയും ഒരു കോടി കണ്ണീര്‍ഗംഗകള്‍
ക്ഷിപ്ര കോപത്തിന്‍റെ താണ്ടവങ്ങള്‍ക്ക്‌-
ഹിമശൃംഗങ്ങള്‍ക്കിടയില്‍ തണുത്തുറഞ്ഞ
കിതപ്പുകള്‍ക്ക്-
ഒടുവില്‍ നമ്മളെ തന്നെയും..

7 comments:

 1. കഴുത്തിലെ നീലിച്ച പ്രണയം വലിച്ചുറ്റിയെടുക്കാന്‍
  രണ്ടു ചുണ്ടുകള്‍..
  good one..

  ReplyDelete
 2. അവസാനം നാം ഒന്‍പതാമത്തെ ചക്രത്തില്‍ എത്തി...
  നിനക്ക് അഞ്ചും...
  എനിക്ക് നാലും..
  സങ്കല്പം..
  അര്‍ദ്ധ നാരീശ്വരം....
  നീയെന്ന ഞാന്‍..
  ഞാനെന്ന നീ..
  നാമെന്ന,
  നാം...

  ReplyDelete
 3. ശക്തിയുള്ള വരികള്‍
  :-)

  ReplyDelete
 4. നന്നായിരിക്കുന്നു...താങ്കളുടെ എഴുത്ത് എന്നും ശിവകരമായിരിക്കട്ടെ.... :)

  ReplyDelete
 5. നന്നായിട്ടുണ്ട്,ദുര്‍ഗ്രഹമാണെങ്കിലും കവിതയുടെ ഒഴുക്ക് അതിനെ മറികടക്കുന്നു.

  ReplyDelete
 6. ഞാനീ കവിതയില്‍ ഓര്‍ത്തത്‌ ഇതൊക്കെയാണ്... ഇത് വെറും കവിത..ബട്ട്‌......... വിശ്വാസങ്ങളില്‍ ,
  ശൈവമോ , ശാക്തേയമോ ആയ ''വിശ്വാസമാണ് '' വൈഷ്ണവത്തേക്കാള്‍ ഉദാത്തമെന്നു തോന്നുന്നു.... സ്ത്ര്രീ പുരുഷ സമത്വത്തെ , അതിന്റെ എല്ലാ തലങ്ങളിലും പരസ്പര പൂരകമെന്നു വരച്ചു കാട്ടുന്ന ''സമ വാക്യം'' അര്‍ദ്ധ നാരീശ്വര മല്ലാതെ മറ്റെന്തുണ്ട്???
  (കംമ്യുനിസ്ടിറെ മുഖ പടത്തില്‍ ,യുക്തിയുടെ ഈ ഭൌതിക ലോകത്ത് സെമിടിക് മതങ്ങള്‍ തൊട്ട്‌ ബഹു ദൈവ വിശ്വാസമുള്ള എതൊരു മതങ്ങളിലും വിശ്വാസമില്ല...ഒരു മാത്ര തള്ളുന്നു പുരാണ സ്വര്ഗങ്ങളും , പിന്നേ നരക വിശ്വാസങ്ങളും..:)

  പക്ഷെ ആ ശിവ ലഹരി.... !ശിവ ശക്തീ സംഗമം...(സംയോഗം).എത്ര മനോഹരമായ വര്‍ണ്ണനയാണ്... മൂല്ലാധാരത്തില്‍ കുടി കൊളളും കുണ്ടലിനീ ശക്തിയെ ഉണര്‍ത്തി അനാഹിതം -മണിപൂരകം -വിശുദ്ധി- ആജ്ഞ തുടങ്ങി ഒന്‍പതു ചക്രത്തില്‍ എത്തി പന്തീരായിരം നാഡികളിലും ഭക്തിയുടെ അമൃത ധാര നനക്കുന്ന...(ഗ്രേറ്റ്‌ ഓര്‍ഗാസം..) ആ ശിവ ശക്ത്ജി സംഗമം!!

  ഒരു മാത്ര രതി മൂര്ച്ചയെക്കാള്‍ ഒരു മഹാ പ്ലാസ്മാവസ്ഥയില്‍ അങ്ങനെ....!!..
  ശിവനായി..ശക്തിയായി...... ജന്മാന്ത ഭക്ഷകനായി.....ആദി പുരുഷനായി.......... ഓ പ്രളയം..!!! :D

  ReplyDelete
 7. ഉദാത്തമായ ഒരു കവിത വായിച്ചിരിക്കുന്നു. നന്ദി എത്ര പറഞ്ഞാലും തീരുകില്ല.ഇതൊരു കവിതയോ ഭാവഗീതിയോഎന്നു നിർവ്വചിക്കാൻ സാധിക്കുന്നില്ല. അഭൌമമായ ഒരു കാവ്യാനുഭൂതി!

  ReplyDelete