Tuesday, December 13, 2011

ആത്മഹത്യ




ഓരോ രാത്രിയിലുംഞരമ്പുകളില്‍
നീ കുത്തിയിറക്കുന്ന ശരീരപാഠങ്ങള്‍ .
ഉരുകി തിളയ്കുന്ന സ്പര്‍ശത്തിലൂടൂ-
ര്‍ന്നുപോയ ആത്മാവിന്‍റെ  മിടിപ്പുകള്‍ .
ഒന്നിച്ചുറങ്ങിയപ്പോഴെല്ലാം
ചുണ്ടു പൊട്ടിയ ഗദ്ഗദങ്ങളില്‍  നിന്നും
നീയെന്നെ വീണ്ടെടുത്ത ഗന്ധര്‍വയാമങ്ങള്‍ .
ഇരുട്ടിലൊറ്റയായ്  പോയ
നിലാവിന്‍റെ നിഴല്‍ കഷ്ണം.

അറിയില്ല നിനക്ക്-
കൈത്തണ്ട മുറിഞൊഴുകിയ
ദുഷിച്ച രക്തകണങ്ങള്‍ക്കപ്പുറം
ഒരര്‍ത്ഥശൂന്യതയുടെ ദൂരം മാത്രമേയുള്ളൂ
നിന്‍റെ ശരിക്കും
എന്‍റെ തെറ്റിനുമിടയില്‍ .

നിന്നിലുണ്ട്-
ഉറങ്ങിപോയ പുലരികള്‍ ,
ഇരുണ്ടു പോയ അകമറകളില്‍   
ഭദ്രമായി ഞാനൊളിപ്പിച്ച 
കാമനകളുടെ താക്കോല്‍ ,
വേണ്ട വേണ്ടയെന്നു തട്ടിമാറ്റുമ്പോഴും  
ഞാന്‍ എന്നിലേക്ക്‌ തന്നെ വലിച്ചടുപ്പിക്കുന്ന 
ആഗ്രഹങ്ങളുടെ പുതപ്പ്,
ഞാനും നീയുമെന്ന ഇല്ലായ്മകളെ
സാധൂകരിയ്ക്കാന്‍ 
വീണ്ടും
ഞെട്ടിപ്പിക്കുന്നൊരു   താക്കീത്.

Sunday, November 6, 2011



ജോണ്‍ -
മിന്നല്‍പിണരിന്‍റെ ഒറ്റഞരമ്പിലൂടെ
മനസ്സ് മുറിക്കുന്ന രാത്രിമഴ.
ഭ്രാന്തിന്‍റെ വേദസാരങ്ങളില്‍ ,
നീ
ഉയിര്‍പ്പിന്‍റെ മൂന്നാം പകല്‍.
സംശയങ്ങളേതും ബാക്കിവയ്ക്കാത്ത
സഹനവല്‍മീകം-
വിഷലിപ്തമായ നിന്‍റെയേകാന്തത

അമ്മമാര്‍-
അവരുറങ്ങികൊള്ളട്ടെ,
ഒരു തുള്ളി വീഞ്ഞിനും
ഒരു രാത്രിസഭയ്ക്കും വേണ്ടി
നമുക്കീ വേദപുസ്തകം പണയം വെയ്ക്കാം.
രക്തസാക്ഷികള്‍ക്കിനിയൊരു
ദൂതനില്ല-

ഇതാ
എന്‍റെ പഴയ കയറ്റുകട്ടിലില്‍
അക്ഷരമാലാക്രമം തെറ്റിച്ച്‌
ഒരാത്മാവ് കൂടി ചേക്കേറുന്നു.
പനിപിടിച്ച ദര്‍ബാറില്‍ നിന്നും
മുറിവേറ്റ ഒരു പക്ഷി കൂടി ഭൂമി തേടുന്നു.
വിളക്കുമരത്തിന്‍റെ കണ്ണ് കുത്തി പൊട്ടിക്കാന്‍
മുറിബീഡിയുടെ ചൂട്ടു വെളിച്ചം തേടിയവന്‍  
നീയെനിക്ക് പ്രിയപ്പെട്ടവന്‍
ജോണ്‍ -
നിനക്ക് ശേഷവും, ഉയിര്‍പ്പിന്‍റെ-
ഈ ഗുഹാമുഖം തുറക്കാന്‍
ആരുമെത്തിയില്ല.
ഇന്നോളം-
വാഴ്വിന്‍റെ ഒരു വേനലിലും
ഈ താഴ്വര പൂത്തിട്ടില്ല

Thursday, October 6, 2011

അറിയപ്പെടാത്ത കാരണങ്ങളാല്‍ രാജ്യം നഷ്ടപ്പെട്ടവര്‍ക്ക് -

















എല്ലാവര്‍ക്കുമുണ്ട്,
പറിച്ചു മാറ്റാന്‍ പറ്റാത്തത്രയും ആഴത്തിലേക്ക്
വേരുകളിറങ്ങിപ്പോയ ഒരുപിടി മണ്ണ്

എന്നെ പോലെ നീയും-
കാത്തു വെച്ചിരിക്കുന്നു
കണ്ണിനു താഴെ തെളിഞ്ഞ പച്ച ഞരമ്പിനുള്ളില്‍
മോഹിപ്പിക്കുന്ന ഒരു സ്വപ്നം..

അകലെ
ആ പ്രിയപ്പെട്ട നഗരത്തില്‍ ഇപ്പോഴുമുണ്ട്
നമുക്കിനിയും കൈമോശം വന്നിട്ടില്ലാത്ത തണലുകള്‍
കൈയകലത്തില്‍ മാത്രം കാലഹരണപ്പെടാത്ത
നമ്മുടെ ഭാഷ.
ഹൃദയത്തിന്റെ ചുറ്റളവില്‍
നഷ്ടപ്പെട്ടിട്ടില്ലാത്ത സ്നേഹാതിര്‍ത്തികള്‍


ദന്ദെവാഡയിലും നക്സല്‍ബാരിയിലും ഇനിയുണ്ടാവില്ല
ചിറകു മുളച്ച വെള്ളിമേഘങ്ങള്‍
തേജസ്വിനിയിലും ഇന്ദ്രാവതിയിലുമില്ല
കാലുഷ്യത്തിന്‍റെ ചുഴിയനക്കങ്ങളൊന്നും.

ജനിക്കുന്നതിനും മുന്‍പേ പെയ്ത ഒരു മഴയില്‍
ഭാഷ നഷ്ടപെട്ടു പോയ മനുഷ്യരുടെ സ്വത്വ ദുഖം
ഇന്നെന്‍റെ പുണ്ണ് പിടിച്ച ചിന്തകള്‍ക്ക് മേല്‍
ഉപ്പു തരികള്‍ വീഴ്ത്തുന്നു-

Sunday, June 19, 2011


ഒരു നിമിഷം -
ശാപം കിട്ടിയ വിഷപെയ്ത്തിനെ,
തെല്ലും ഭയമില്ലാതെ
രോഗാതുരമായ ഈ ഋതുവിനെ,
ഞാനെന്‍റെ പനികിടക്കയോട് ചേര്‍ത്തു പിടിക്കട്ടെ


ഓരോ വസൂരികുത്തും
ഇതള്‍ പൊഴിച്ച വേനല്‍ വാകയുടെ
അഞ്ചാമിതള്‍ പോലെ, എന്റെ
ശരീരത്തില്‍ അമര്‍ത്തി ചുംബിക്കും വരെ..


എല്ലാ മുഴയിലും ചുളിവിലും
ഒരു ചുവന്ന ചിരിയുമായി
വീണ്ടും നീ തന്നെ തിണര്‍ക്കും വരെ..


അറിയുന്നുണ്ട് ഞാന്‍ -
പ്രാണന്‍ വേര്‍പെട്ടു പോകുന്ന
നേര്‍ത്ത പാടയ്ക്കു മീതെ,
നീയെന്ന കാന്തക്കല്ലിലേക്കു തന്നെ
വീണ്ടും
മനസ്സ് പായിക്കുന്ന എന്നെ..
അറിയുന്നുണ്ട് ഞാന്‍ -


Thursday, May 19, 2011

എന്മകജെ





ഇത് -
ഞാനും നീയും വ്യാഖാനിച്ച  നാനാര്‍ത്ഥങ്ങളാല്‍
ശ്വാസം മുട്ടി മരിച്ച ഒരു നിഘണ്ടുവാണ് .
ഉറവ വറ്റി പോയ  വാക്കിന്റെ  വന്‍മരം

നിനക്കു ശ്വസിക്കാന്‍   
വിഷം കലരാത്ത  ആറടി മണ്ണ് ,
ഉറങ്ങാന്‍
നോവ്‌ തീണ്ടാത്ത  ഒരു കീറ്  ആകാശം ,
മരണത്തിലും
മണോടണഞ്ഞു  സ്വപ്നം കാണാന്‍
ഒരു വരള്‍ച്ചയിലും വറ്റാത്ത വാക്കിന്റെ  അഗ്നിഹോത്രം

ജനിക്കാതെ  പോയ  ഒരു തലമുറയുടെ സ്വത്വം -
നിന്റെ  സിരകളില്‍  അഗ്നിയാവുന്നുണ്ട് .
ഉടഞ്ഞ ശംഖില്‍  നിന്നും മുറിവേറ്റ ഒരു കടല്‍
ദയനീയമായി നിലവിളിക്കുകയും.

ഭയമാണു,
എതു നിമിഷവും  ശിരസ്സില്‍ പൊട്ടിചിതറാവുന്ന ഒരു ചൂണ്ടു വിരലായി
നീ എന്നിലേക്ക്  ലക്‌ഷ്യം  തെറ്റികൊണ്ടേയിരിക്കുന്നു..

നമുക്കിടയില്‍ ,
ഇനിയൊരു
നെടുവീര്‍പ്പിന്റെ  ദൂരം പോലുമില..

ഇതൊരു പശ്ചാതാപമോ  പ്രായശ്ചിത്തമോ ആവുന്നില്ല
എന്നിരിക്കിലും,
നമ്മള്‍  തെറ്റിച്ചു  വ്യാഖാനിച്ച  നാനാര്‍ത്ഥങ്ങളാല്‍
ശ്വാസം മുട്ടി മരിച്ച ഒരു നിഘണ്ടുവാണിത് ..

ഇതിനകം,
മറവിയിലേക്ക് മടങ്ങി പോയ ഒരു വേനലില്‍ ,
വിഷം തുളച്ച ഒരു ഹൃദയം
വിരല്‍ ചേര്‍ത്തടയ്ക്കുവാന്‍   
ഒരിക്കല്‍ കൂടി.. 

Sunday, March 6, 2011

















കൈവെള്ളയില്‍  തരിക്കുന്ന പനിച്ചൂടിലൂടെ
ചുണ്ടുകളുടെ ആഴങ്ങളിലേക്ക് ഒരു വഴിയുണ്ട്.
മുറിച്ചു കളഞ്ഞ ചെവിയിലൂടെ 
രക്തമുണങ്ങാത്ത  ഗോതമ്പുപാടത്തേക്ക്
വിയര്‍പ്പു മണങ്ങളുടെ വസന്തത്തിലൂടെ
നീ  തട്ടിമറിച്ചിട്ട ഉരുളകിഴങ്ങു മേശയിലേക്ക്‌.

പ്രിയ വാന്‍ഗോഗ്..,
ജീവിതത്തിനു ഒരു നിറമേ ഉള്ളൂ..     
നിന്‍റെ ഭ്രാന്തിന്‍റെ ആയിരങ്ങളില്‍ നിന്ന്
ഇന്ന് ഞാനത് കണ്ടെത്തിയിരിക്കുന്നു.
 ....................................................................
ഓരോ സൂര്യകാന്തിയും
 ഓരോ മുറിവാണ് വാന്‍ഗോഗ്,
മറവിയിലേക്ക് മിഴിപൂട്ടുന്ന 
തണുത്തുറഞ്ഞൊരു  മുറിവ്..
നീ അറുത്തെടുക്കാത്ത  പെരുവിരലിലേക്ക് 
എന്‍റെ   ഭ്രാന്ത് കിതയ്ക്കുന്നു.
നാളെ,
ഈ ഭ്രാന്തന്‍ പൂക്കള്‍ 
ഒരു ചരിത്ര മരണം കൂടി രേഖപ്പെടുത്തും.. 

Friday, January 21, 2011


ഒരു മഹാനഗരത്തിന്റെ വിഷം,
ഇപ്പോഴും എന്‍റെ സിരകളില്‍ പൊട്ടിച്ചിതറുന്നു..
നമുക്കുള്ളിലെ നേര്‍ത്ത ഞരമ്പുപാളങ്ങളിലൂടെ
ഒരു ഭ്രാന്തന്‍ കവിത
കുതിച്ചു പായുന്നു..
മഞ്ഞ നിയോണിന്‍ തണലില്‍ 
പനിചൂട് കിളിര്‍ക്കുമ്പോള്‍
അമ്മ വിളമ്പിയ സ്നേഹത്തിലും 
അന്യഥാബോധം പുകയുന്നു..
ഗര്‍ഭപാത്രങ്ങളില്‍ കിളിര്‍ത്ത്,
അസ്ഥികളിലവസാനിക്കേണ്ട സ്വാഭാവികതയ്ക്കു കുറുകെ
ബലി ചോറ് കൊത്തിയ പിതൃക്കള്‍
തിരുത്തല്‍ രേഖകളെഴുതുമ്പോള്‍ 
ബാക്കിയാവുന്നു -
വഴികളെല്ലാം തെറ്റിപോയ ഒരുവള്‍ 
അപഥസഞ്ചാരിണി.
ശമനൌഷധങ്ങളില്ലാത്ത  കാമനകള്‍ .
കയ്പ്പൊഴിയാത്ത രാത്രികള്‍ ..