Tuesday, May 18, 2010

തിരിച്ച്..

വഴിയോരത്തൊരു വൃദ്ധന്‍ തണ്ണീര്‍പന്തലൊരുക്കി
കാത്തിരിപ്പുണ്ട്..
വരണ്ട തൊണ്ടയിലേക്ക് പ്രണയം പകരാന്‍.
ചാപിള്ളയെ പെറ്റുകൂട്ടിയ
ഒരു ഗര്‍ഭപാത്രം നിലവിളികുന്നുണ്ട്,
രക്ഷകനായ ഒരു പുത്രന് വേണ്ടി..
മണല്‍ പരപ്പിലെവിടെയോ ഒരു മഹാ വൃക്ഷം
തണല്‍ വിരിക്കുന്നുണ്ട്..
ആത്മാവ് നഷ്ടപെട്ട പഥികര്‍ക്കു വേണ്ടി..
അറിയപ്പെടാത്ത തെരുവോരത്തെവിടെയോ
ഒരു ഭ്രാന്തി മുടിയഴിചിട്ടലറുന്നുണ്ട് ..
അടുക്കളപ്പുറങ്ങളില്‍വിശപ്പാറുംമുന്‍പേ
ഇലമടക്കി എഴുന്നേല്‍ക്കുന്നുണ്ട് ഒരമ്മ..
വിഷംതീണ്ടി കറുത്ത്പോയ നഖക്ഷതം മായ്കാന്‍,
ഒരു കറുത്ത മൂടുപടമന്വേഷിക്കുന്നുണ്ട്-ലോകം..വ്രണങ്ങള്‍ തിണര്‍ത്ത ഒരു ഹൃദയം..
മുറിവേറ്റ കിളിയുപേക്ഷിച്ച ഒരു കൂട്..
വഴികണ്ണ് കഴച്ചു പോയ ഒരു നിരാശ..
പിറവി നിഷേധിക്കപെട്ട ഒരു കരച്ചില്‍..
അതിജീവനത്തിന്‍റെ ഒരു പിടച്ചില്‍..
വിഷം കഴിച്ച ഒരു മരണം..
എല്ലാം കാത്തിരിക്കുന്നത് എന്നെയാണ്..
മേല്‍കൂരയില്‍ നിന്നും രൂപം നഷ്ടപെട്ട
വികൃത ശിലകളായി താഴേക്ക്‌ പൊടിഞ്ഞു വീഴുന്നത്,
ഞാനാണ് ..
കൂരിരുട്ടിന്‍റെ പൊടിപച്ചകളില്‍ നിന്നും കഥകളുടെ നട്ടുച്ചയിലേക്ക്
അലറി കരഞ്ഞു പിറന്നു വീഴുന്നതും ഞാനാണ്..
കര്‍കിടരാത്രിയിലെ മുത്തശി രാമായണങ്ങളില്‍ നിന്നും
എഴുത്തിന്‍റെ സഹതാപശൂന്യതകളിലേക്ക്
വെളിച്ചപ്പെടുന്നതും ഞാന്‍ തന്നെ..
എല്ലാ ഇട്ടെറിഞ്ഞ് ..
പോയേ പറ്റു എനിക്ക്..


6 comments:

  1. വസന്തത്തിന്റെ ഇടിമുഴക്കത്തിലേക്ക്,
    ചുവപ്പിന്റെ തുടിപ്പിലേക്ക്.......
    നിരാശകളെല്ലാം ഇട്ടെറിഞ്ഞ് പോണം....
    അന്യന്റെ ശബ്ദം സംഗീതാമായി കേല്‍ക്കുന്ന
    ലോകത്തിലേക്ക്..!!!

    ReplyDelete
  2. മുള്ളുമരമേ...............
    നീ തിരഞ്ഞെടുത്ത വര്‍ണം ഭാഷക്ക് അന്യമത്രേ
    എന്നല്ല ആണ്, തെളിവോടെ പകര്‍ത്തൂ എല്ലാം

    ReplyDelete
  3. എല്ലാം ഇട്ടെറിഞ്ഞു പോകുമ്പോള്‍
    കുറെ ഓര്‍മകാലെങ്കിലും പിന്തുടരില്ലേ?
    കൊണ്ടുപോകതോക്കുമോ
    പുടിയലോകതെക്ക് അവരെയെങ്കിലും?

    ReplyDelete
  4. വ്രണങ്ങള്‍ തിണര്‍ത്ത ഒരു ഹൃദയം..
    മുറിവേറ്റ കിളിയുപേക്ഷിച്ച ഒരു കൂട്..
    വഴികണ്ണ് കഴച്ചു പോയ ഒരു നിരാശ..
    പിറവി നിഷേധിക്കപെട്ട ഒരു കരച്ചില്‍..
    അതിജീവനത്തിന്‍റെ ഒരു പിടച്ചില്‍..
    ----------------------------------
    മികച്ച വാക്കുകള്‍
    പുഴുവരിക്കാത്ത ചിന്ത..

    പക്ഷെ...
    എല്ലാ ഇട്ടെറിഞ്ഞ് ..
    പോയേ പറ്റു എനിക്ക്..
    ഇവിടെ നശിക്കുന്നു ചിന്തകള്‍
    കവിതമരിക്കുന്നു.

    ഇത് എന്‍റെ അഭിപ്രായം മാത്രം. ഞാന്‍ ഒരു നിരൂപകനോ, നല്ല ആസ്വാതകണോ അല്ല അതുകൊണ്ടായിരിക്കാം ഇത്തരം ഒരു അഭിപ്രായം എഴുതെണ്ടിവന്നത്.

    ReplyDelete
  5. അരുതു..അരുതു..മാ നിഷാദ....

    ReplyDelete