Saturday, May 22, 2010

(..ഇല്ല..)

വാക്കുകള്‍-
പട്ടും പുടവയും
മുല്ലപൂവും ചന്ദനകുറിയും
വാളും പരിചയും
പല്ലക്കും പടയാളികളുമായി വന്നാല്‍ ,
നിങ്ങള്‍ സ്വീകരിക്കും.
മുണ്ട് മടക്കികുത്തി ,
തലേകെട്ടും ബീഡിയുമായി വന്നാല്‍
നെറ്റി ചുളിക്കും..!!
തെമ്മാടിയായ കവിതയെ നിങ്ങള്‍ നിഷേധിക്കും
വര്‍ണ്ണ കടലാസ്സില്‍ കൂടിയ മഷിയില-
ച്ചടിച്ച കവിത
നിങ്ങള്‍ വിലകൊടുത്തു വായിക്കും
തോറ്റു പോയവര്‍ നെഞ്ചു കീറിപൊളിച്ചു
കറപിറ കുറിച്ചാല്‍
നിങ്ങള്‍ തിരിഞ്ഞു നോക്കുമോ ??
എന്തായാലും ,
എനിക്ക് ഈ തോന്ന്യാക്ഷരങ്ങളെയുള്ളൂ
എന്‍റെ വൃത്തം ,
ചൊവ്വാദോഷമുള്ള സഹോദരിയുമായി ഒളിച്ചോടി പോയി
പ്രാസങ്ങളെല്ലാം
കടംകേറി മുടിഞ്ഞ അച്ഛന്‍റെ കൂടെ
കാശിക്കു പുറപ്പെട്ടുപോയി
അലങ്കാരങ്ങള്‍
ചുവരലമാരയില്‍ ഇന്നും ഭദ്രമാണ്
പഴയ പ്രതാപ കാലത്തിന്‍റെ
ദീപ്തസ്മരണകളുമായി
വാതിലില്‍ ജപ്തിനോട്ടീസും പതിഞ്ഞു കഴിഞ്ഞു
എനിക്ക് ബാക്കിയുള്ളത്
ഈ തോന്യാക്ഷരങ്ങള്‍ മാത്രമാണ്
കള്ള്കുടിച്ചും ബീഡിവലിച്ചും
ഊര്തെണ്ടി നടക്കുന്ന
അക്ഷരങ്ങളുടെ ഒരു തെമ്മാടികൂട്ടം
തലകെട്ടുകള്‍ എല്ലാം ചിതലരിച്ചുപോയി
കവിയുടെ പേര് ,
കാലപഴക്കത്തില്‍ മാഞ്ഞു പോയി
അന്ന് ,
പാഥേയം തരേണ്ടവര്‍
പരിവേദനം തന്നപ്പോള്‍,
മധുരം തരേണ്ടവര്‍
മുള്ളുകള്‍ തന്നപ്പോള്‍,
നിങ്ങള്‍ സ്വീകരിച്ചില്ലേ..?
പൊരുതില്ലേ???
അത് പോലെ എന്‍റെയീ
നഗ്നമായ കവിതയും..??


2 comments:

  1. ഹ ഹ...ശരിയാണ്..പലപ്പോഴും കവിതകള്‍ വായിച്ചാല്‍ പ്രണയമാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം എന്നു തോന്നും..വിശപ്പിനെക്കാള്‍ ഏറെ പ്രണയത്തെ കുറിച്ചല്ലേ കവികള്‍ പറഞ്ഞു പോകുന്നത്.മുണ്ട് മടക്കുക്കുത്തി വരുന്ന ആണ്‍ കവിതകളെ മുല്ലപ്പൂ ചൂടി വരുന്ന പെണ്‍കവിതകളെക്കാള്‍ കാലം ഉള്‍ക്കൊള്ളാന്‍ തുടങ്ങും..!!(ആണ്‍കവിതകള്‍ എന്നു പറഞ്ഞതില്‍ കവൈത്രികള്‍ ക്ഷമിക്കുക.ശക്തിയുള്ളത് എന്നേ ഞാനും ഉദ്ദേശിച്ചുള്ളൂ)നെരൂദ "വസന്തം ചെറിമരത്തോട് ചെയ്തത് എനിക്കു നിന്നോട് ചെയ്യണം" എന്ന് പറയുന്നതിനേക്കള്‍ ശക്തി"വരൂ ഈ തെരുവിലേ രക്തം കാണൂ" എന്നു പറഞ്ഞപ്പോള്‍ തന്നെയാണല്ലോ..!!തോന്ന്യാക്ഷരങ്ങള്‍ വാക്കുകള്‍ക്ക് തീ പിടിപ്പിക്കട്ടെ.ആശംസകള്‍..!![:)]

    ReplyDelete
  2. കവിയുടെ പേരുനോക്കി,
    കവിയുടെ ജാതിനോക്കി,
    കവിതയിലെ വാക്കുകളുടെ അട്യത്തം അളന്ന്-
    നിരൂപിക്കുന്നവര്‍ -
    അവര്‍ കാണട്ടേ തോന്ന്യാക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന
    തീയുടെ ചൂട്.
    *ചുവപ്പന്‍അഭിവാദ്യങ്ങള്‍*

    ReplyDelete